കാങ്കർ: ഛത്തീസ്ഗഢിലെ കാങ്കർ ജില്ലയിൽ കുഴിബോംബ് നിർവീര്യമാക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ മൂന്ന് ഡിആർജി ജവാൻമാർ കൊല്ലപ്പെട്ടു ( Chhattisgarh IED Blast Kanker). ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് അപകടമുണ്ടായത്. പ്രദേശത്തെ മൈനുകൾ നീക്കം ചെയ്യുന്ന ‘ഡി-മൈനിംഗ്’ പ്രവർത്തനങ്ങൾക്കിടെയാണ് സ്ഫോടനമുണ്ടായതെന്ന് അധികൃതർ അറിയിച്ചു.
കാങ്കർ-നാരായൺപൂർ അതിർത്തിക്ക് സമീപം ചോട്ടെബെത്തിയ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രദേശം പരിശോധിക്കാനും മൈനുകൾ നീക്കം ചെയ്യാനുമാണ് സംഘം എത്തിയത്. ഇൻസ്പെക്ടർ സുഖ്റാം വട്ടി, കോൺസ്റ്റബിൾ കൃഷ്ണ കോമ്ര, കോൺസ്റ്റബിൾ സഞ്ജയ് ഗഡ്പാലെ എന്നിവരാണ് സ്ഫോടനസ്ഥലത്ത് വച്ച് തന്നെ മരിച്ചത്. പരിക്കേറ്റ കോൺസ്റ്റബിൾ പരമാനന്ദ് കോമ്രയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാവോയിസ്റ്റുകൾ മുൻപ് സ്ഥാപിച്ചിരുന്ന ഐഇഡി (IED) ബോംബ് നിർവീര്യമാക്കുന്നതിനിടെ അബദ്ധത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ഇത് ബോധപൂർവ്വമായ ആക്രമണമല്ലെന്നും മൈനുകൾ നീക്കം ചെയ്യുന്നതിനിടെയുണ്ടായ ദൗർഭാഗ്യകരമായ അപകടമാണെന്നും ബസ്തർ റേഞ്ച് ഐജി പി. സുന്ദർരാജ് പറഞ്ഞു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി കീഴടങ്ങിയ മാവോയിസ്റ്റുകളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന നൂറുകണക്കിന് കുഴിബോംബുകളാണ് മേഖലയിൽ നിന്ന് കണ്ടെത്തി നശിപ്പിച്ചത്. കഴിഞ്ഞ ഏപ്രിലിൽ ഇതേ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച നക്സൽ കമാൻഡർ രൂപി കൊല്ലപ്പെട്ടിരുന്നു. പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിക്കുകയും പരിശോധന ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
Summary: Three personnel of the District Reserve Guard (DRG) were killed and one seriously injured in an accidental IED blast in Chhattisgarh’s Kanker district. The incident occurred on Saturday during a de-mining and search operation near the Kanker-Narayanpur boundary. According to Bastar Range IG P. Sundarraj, the IED, planted by Maoists, detonated while being neutralized. The deceased have been identified as Inspector Sukhram Vatti and Constables Krishna Komra and Sanjay Gadhpale. Security forces have been conducting extensive operations in the region to clear explosives following intelligence inputs.

