തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, മന്ത്രിസഭാ യോഗത്തിൽ സഹപ്രവർത്തകർക്ക് വിജയാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗം പിരിയുന്ന സമയത്താണ് മുഖ്യമന്ത്രി എല്ലാവർക്കും ആശംസകൾ അറിയിച്ചത്.(As the election results are about to be announced, the Chief Minister wishes everyone success)
ഇന്നത്തെ യോഗത്തിൽ രണ്ട് സുപ്രധാന തീരുമാനങ്ങൾക്കാണ് അംഗീകാരം നൽകിയത്. പന്ത്രണ്ടാം ശമ്പള കമ്മീഷനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിന് മന്ത്രിസഭാ യോഗം ഔദ്യോഗികമായി അംഗീകാരം നൽകി. തമിഴ്നാട്ടിലെ വാൽപ്പാറയിൽ മലപ്പുറത്തെ സ്കൂൾ അധ്യാപകരും ജീവനക്കാരും സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടവർക്ക് ധനസഹായം നൽകാൻ തീരുമാനിച്ചു. മരിച്ചവരിൽ ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും.
മെയ് 4-നാണ് വോട്ടെണ്ണൽ നടക്കുന്നത്. ഫലം എന്തുതന്നെയായാലും, ഭരണത്തുടർച്ച ഉണ്ടായാലും ഇല്ലെങ്കിലും നിയമപരമായ നടപടിക്രമങ്ങളുടെ ഭാഗമായി മന്ത്രിസഭാ യോഗം ചേരേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത കാബിനറ്റ് യോഗം മെയ് 5-ന് ചേരും.

