യെരേവാൻ: അർമേനിയൻ തലസ്ഥാനമായ യെരേവാനിൽ മൃഗശാലയിൽ നിന്ന് സീബ്ര ചാടിപ്പോയെന്ന വാർത്ത നാട്ടുകാരെയും പോലീസിനെയും ഒരുപോലെ വട്ടംചുറ്റിച്ചു. ഒടുവിൽ പോലീസ് നടത്തിയ പരിശോധനയിലാണ് കണ്ടത് സീബ്രയല്ല, മറിച്ച് കറുപ്പും വെളുപ്പും പെയിന്റടിച്ച ഒരു കഴുതയാണ് റോഡിലൂടെ നടക്കുന്നത്. ( Armenia Zebra Painted Donkey)
വെള്ളിയാഴ്ച രാവിലെയാണ് യെരേവാൻ മൃഗശാലയിൽ നിന്ന് സീബ്ര ചാടിപ്പോയി നഗരത്തിലെ മ്യാസ്നിക്യാൻ അവന്യൂവിലൂടെ നടക്കുന്നു എന്ന വിവരം പോലീസിന് ലഭിക്കുന്നത്. ഉടൻ തന്നെ മൃഗശാല അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും തങ്ങളുടെ സീബ്രകൾ സുരക്ഷിതമാണെന്ന മറുപടിയാണ് ലഭിച്ചത്. ആരോ വീഡിയോ ചിത്രീകരിക്കുന്നതിനായി കഴുതയുടെ ശരീരത്തിൽ സീബ്രയുടെ മാതൃകയിൽ പെയിന്റടിച്ച് റോഡിലിറക്കിയതാണെന്ന് പിന്നീട് വ്യക്തമായി. ഇതിന് പിന്നിൽ പ്രവർത്തിച്ച വ്യക്തിയെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
മൃഗങ്ങളുടെ ശരീരത്തിൽ കെമിക്കൽ പെയിന്റുകൾ അടിക്കുന്നത് അവയുടെ ആരോഗ്യത്തിന് ദോഷകരമാണെന്നും ഇത്തരം ‘പ്രാങ്കുകൾ’ ശിക്ഷാർഹമാണെന്നും മൃഗശാല അധികൃതർ മുന്നറിയിപ്പ് നൽകി. മൃഗശാലയിലെ സീബ്രകൾ നിലവിൽ സുരക്ഷിതരായി തങ്ങളുടെ കൂടുകളിൽ തന്നെയുണ്ടെന്നും അധികൃതർ അറിയിച്ചു.
Summary: Residents and police in Yerevan, Armenia, were sent into a frenzy following reports of an escaped zebra wandering the city streets. However, the Yerevan Zoo clarified that all their zebras were safe and the animal in question was actually a donkey painted with black and white stripes. The prank, intended for a video, drew criticism from zoo officials who warned that chemical dyes are toxic and harmful to animals. Police are currently investigating to identify the person responsible for the stunt.

