തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയ്ക്ക് വിരാമമിടാൻ ഇനി രണ്ട് ദിവസം മാത്രം. മെയ് 4 തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ ആരംഭിക്കും.(In whose hands will Kerala fall? Only hours left for vote counting)
സംസ്ഥാനത്തുടനീളം 43 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കുമ്പോൾ ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുക. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണുന്നതിനായി ഒരു ഹാളിൽ 7 മുതൽ 14 വരെ മേശകൾ ക്രമീകരിക്കും. രാവിലെ 8:15-ഓടെ തന്നെ സംസ്ഥാനത്തെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും തിരിച്ചടിയാകുമെന്ന് പ്രവചിക്കുന്നുണ്ടെങ്കിലും, ഭരണത്തുടർച്ച ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇടത് ക്യാമ്പ്. വികസന നേട്ടങ്ങൾ വോട്ടായി മാറുമെന്നും അവർ കണക്കുകൂട്ടുന്നു. മിക്ക പ്രവചനങ്ങളിലും മുന്നിലെത്താനായതിന്റെ ആവേശത്തിലാണ് യു ഡി എഫ്. എക്സിറ്റ് പോൾ ഫലങ്ങൾ അനുകൂലമായത് യുഡിഎഫിന്റെ വിജയപ്രതീക്ഷ ഇരട്ടിയാക്കിയിട്ടുണ്ട്. ഇത്തവണ കുറഞ്ഞത് രണ്ട് സീറ്റുകളിലെങ്കിലും വിജയിച്ച് നിയമസഭയിൽ സാന്നിധ്യമറിയിക്കാൻ കഴിയുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.

