കോഴിക്കോട്: പാമ്പ് കടിയേറ്റതിന് പിന്നാലെ കടിച്ച പാമ്പിനെയും പിടികൂടി ആശുപത്രിയിലെത്തി യുവാവ് (Snake Bite Kozhikode). താമരശ്ശേരി കട്ടിപ്പാറ അമരാട് കല്ലുവീട്ടിൽ അഷ്റഫ് (45) ആണ് പാമ്പുമായി ആശുപത്രിയിലെത്തി ഡോക്ടർമാരെയും ജീവനക്കാരെയും അമ്പരപ്പിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം.
വീടിന് സമീപത്തെ മലയിൽ പോത്തിനെ തീറ്റുന്നതിനിടയിലാണ് അഷ്റഫിന് പാമ്പ് കടിയേറ്റത്. ഉടൻ തന്നെ സമയം പാഴാക്കാതെ തന്നെ കടിച്ച പാമ്പിനെ പിടികൂടി ഒരു കവറിലാക്കുകയായിരുന്നു. തുടർന്ന് പാമ്പുമായി അദ്ദേഹം നേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തി. കടിച്ച പാമ്പിനെ തിരിച്ചറിയുന്നതിലൂടെ ചികിത്സ വേഗത്തിലാക്കാൻ സാധിക്കുമെന്നതിനാലാണ് ഇത്തരത്തിൽ ചെയ്തതെന്ന് അഷ്റഫ് പറഞ്ഞു.
അഷ്റഫിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ പരിശോധനകൾക്കായി അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പാമ്പിനെ പിന്നീട് വനംവകുപ്പിന് കൈമാറും.
Story Summary: In a rare incident, a 45-year-old man named Ashraf from Kattippara, Kozhikode, arrived at Thamarassery Taluk Hospital with the snake that bit him. He caught the snake in a bag immediately after being bitten while grazing his buffalo. After receiving first aid, he was shifted to Kozhikode Medical College; his condition is stable.

