തിരുവനന്തപുരം : ബി.എസ്.സി നഴ്സിങ് വിദ്യാർത്ഥി ആദിത്യന്റെ മരണത്തിൽ കോളേജ് അധികൃതർക്കെതിരെയും പോലീസിനെതിരെയും ആരോപണവുമായി കുടുംബം രംഗത്ത്. ആദിത്യൻ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീർക്കാൻ മാനേജ്‌മെന്റ് ബോധപൂർവ്വം ശ്രമിക്കുന്നു എന്നാണ് കുടുംബത്തിന്റെ പരാതി. എന്നാൽ വിദ്യാർത്ഥി ഒറ്റപ്പെടൽ അനുഭവിച്ചിരുന്നതായും ഇതാണ് മരണകാരണമെന്നുമാണ് കോളേജ് അധികൃതരുടെ വാദം.(Death of nursing student in Bengaluru, family alleges negligence against college management )
സഹപാഠികളുടെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ആദിത്യൻ പലതവണ കോളേജ് അധികൃതർക്ക് പരാതി നൽകിയിരുന്നു. എന്നാൽ നടപടിയെടുക്കുന്നതിന് പകരം ആദിത്യനും ലഹരി ഉപയോഗിക്കാറുണ്ടെന്ന ആരോപണമാണ് അധികൃതർ ഉയർത്തിയത്. ഇതുമായി ബന്ധപ്പെട്ട് അധ്യാപകർ ആദിത്യനെ മാനസികമായി പീഡിപ്പിച്ചിരുന്നതായും കുടുംബം ആരോപിക്കുന്നു.
മരണവിവരമറിഞ്ഞെത്തിയ പിതാവ് പ്രദീപ് പരാതി നൽകാൻ ശ്രമിച്ചപ്പോൾ ഹെബ്ബഗോഡി പോലീസ് ആദ്യം വിമുഖത കാണിച്ചു. പിന്നീട് ഒരു അഭിഭാഷകൻ ഇടപെട്ട ശേഷമാണ് പരാതി സ്വീകരിച്ചത്. മരണത്തിന് മുൻപ് ആദിത്യൻ അയച്ച ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് പരാതിപ്പെട്ടിട്ടും ആദിത്യനെ മറ്റൊരു മുറിയിലേക്ക് മാറ്റാൻ അധികൃതർ തയ്യാറായില്ല എന്നതും വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങൾ കോളേജ് അധികൃതർ നിഷേധിച്ചു.

