തിരുവനന്തപുരം: പി.വി. അൻവറുമായുള്ള വിവാദ ഫോൺ സംഭാഷണ കേസിൽ എസ്.പി സുജിത് ദാസിനെ കുറ്റവിമുക്തനാക്കി. മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര വകുപ്പിന്റെ അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചത്. ഇതോടെ സർക്കാരിനും മുഖ്യമന്ത്രിയുടെ ഓഫീസിനും വലിയ തലവേദനയുണ്ടാക്കിയ വിവാദത്തിൽ സുജിത് ദാസിന് ആശ്വാസമായി.(Sujit Das gets clean chit in phone call controversy; crucial moves in Home Department)
പുറത്തുവന്ന ശബ്‍ദം തന്റേതല്ലെന്നും അത് വ്യാജമായി നിർമ്മിച്ചതാണെന്നുമാണ് സുജിത് ദാസ് അന്വേഷണ സമിതിക്ക് മുന്നിൽ മൊഴി നൽകിയത്. ഫോൺ സംഭാഷണം പുറത്തുവിട്ട പി.വി. അൻവർ അന്വേഷണ സമിതിക്ക് മുന്നിൽ ഹാജരാകാൻ തയ്യാറായില്ല. സംഭാഷണം റെക്കോർഡ് ചെയ്ത ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി ഹാജരാക്കാനും ഇദ്ദേഹം കൂട്ടാക്കിയില്ല.
ഇതോടെ ശബ്ദരേഖയുടെ ആധികാരികത തെളിയിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല.
അതേസമയം, പുരാവസ്തു തട്ടിപ്പ് കേസിൽ ഐ.ജി ലക്ഷ്മണിനെതിരെ നടന്നിരുന്ന അന്വേഷണവും അവസാനിപ്പിച്ചു. കടുത്ത നടപടികൾക്ക് പകരം ‘ശാസന’യിൽ ഒതുക്കിയാണ് അന്വേഷണം പൂർത്തിയാക്കിയത്. അന്വേഷണം അവസാനിച്ചതോടെ ലക്ഷ്മണിന് എ.ഡി.ജി.പി ആയി ഉടൻ സ്ഥാനക്കയറ്റം ലഭിച്ചേക്കും.

