തിരുവനന്തപുരം: കേരളത്തിൽ തുടരുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് മഴയുടെ വരവോടെ നേരിയ ശമനം. വേനൽമഴ ലഭിച്ചതിനെത്തുടർന്ന് അന്തരീക്ഷ ഊഷ്മാവ് കുറഞ്ഞത് വൈദ്യുതി ഉപഭോഗത്തിൽ വലിയ കുറവുണ്ടാക്കി. ഇതിന്റെ ഫലമായി കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ ഭൂരിഭാഗം മേഖലകളിലും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നില്ലെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.(No need for regulation yesterday, KSEB says slight relief in state’s power crisis)
വൈകിട്ട് 6 മണി മുതൽ അർദ്ധരാത്രി 12 മണി വരെയുള്ള പീക്ക് അവറുകളിൽ അരമണിക്കൂർ വരെ നിയന്ത്രണം ഏർപ്പെടുത്താനായിരുന്നു കെ.എസ്.ഇ.ബി.യുടെ തീരുമാനം. പ്രസരണ ശൃംഖലയുടെ തകരാറുകൾ ഒഴിവാക്കാനാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. പ്രകൃതിയുടെ ചതി മൂലമാണ് ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തേണ്ടി വന്നതെന്നായിരുന്നു വൈദ്യുതി മന്ത്രിയുടെ വാദം. എന്നാൽ, കൃത്യമായ ആസൂത്രണം ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.
പ്രതിസന്ധി പരിഹരിക്കാൻ കെ.എസ്.ഇ.ബി. സ്വീകരിച്ച നടപടികൾ ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. കൂടംകുളത്തുനിന്ന് മുടങ്ങിയിരുന്ന 200 മെഗാവാട്ട് വൈദ്യുതി ലഭിച്ചുതുടങ്ങിയത് വലിയ ആശ്വാസമായി. വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോടെ എക്സ്ചേഞ്ചുകളിൽ നിന്ന് അധിക വൈദ്യുതി വാങ്ങാനും നടപടി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ലഭിച്ച മഴവെള്ളം ഫലപ്രദമായി ഉപയോഗിക്കുന്നതിൽ വീഴ്ച പറ്റിയെന്ന വിമർശനം ഇതിനിടെ ശക്തമായിട്ടുണ്ട്. നിലവിൽ 200 മെഗാവാട്ടിന്റെ കുറവ് മാത്രമാണുള്ളതെന്നും പ്രതിസന്ധി അധികനാൾ നീണ്ടുനിൽക്കില്ലെന്നും കെ.എസ്.ഇ.ബി. അറിയിച്ചു. എങ്കിലും പീക്ക് അവറുകളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്നും എ.സി., മോട്ടോർ തുടങ്ങിയ ഉപകരണങ്ങൾ രാത്രി സമയങ്ങളിൽ നിയന്ത്രിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

