തിരുവനന്തപുരം: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ്. ശിവകുമാറിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള വിജിലൻസ് റിപ്പോർട്ട് ഇന്ന് കോടതി പരിഗണിക്കും. ആരോഗ്യമന്ത്രിയായിരുന്ന സമയത്ത് ശിവകുമാർ അധികാരമുപയോഗിച്ച് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. (Vigilance report giving clean chit to VS Sivakumar in court today)
എന്നാൽ, അന്വേഷണത്തിനൊടുവിൽ ശിവകുമാറിന് അനധികൃത സ്വത്തില്ലെന്നും അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫും അടുപ്പക്കാരും മാത്രമാണ് ഇത്തരത്തിൽ സമ്പാദനം നടത്തിയതെന്നുമാണ് വിജിലൻസിന്റെ കണ്ടെത്തൽ. മന്ത്രിയായിരുന്ന കാലയളവിൽ ശിവകുമാറിന്റെ വരുമാനത്തിന് അനുസരിച്ചുള്ള ആസ്തി മാത്രമേയുള്ളൂവെന്നും അദ്ദേഹം നേരിട്ട് സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടെത്തി.
ഒന്നാം പ്രതിയായ ശിവകുമാറിനെ ഒഴിവാക്കിയെങ്കിലും അദ്ദേഹത്തിന്റെ ഡ്രൈവർ, അടുത്ത അനുയായിമാർ എന്നിവർക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് തെളിവുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 2011 മുതൽ 2016 വരെയുള്ള കാലയളവിലെ സ്വത്ത് വിവരങ്ങളാണ് വിജിലൻസ് തിരുവനന്തപുരം റെയ്ഞ്ച് അന്വേഷിച്ചത്.

