മലപ്പുറം: പൊന്നാനി ഹാർബറിൽ മണലിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയ മൃതദേഹം പൊന്നാനി രായിൻമരക്കാർ വീട്ടിൽ ഫാത്തിമയുടേതാണെന്ന് (22) സ്ഥിരീകരിച്ചു (Ponnani Harbor Fathima death). സംഭവവുമായി ബന്ധപ്പെട്ട് ഫാത്തിമയുടെ ഭർത്താവ് മുഹമ്മദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇതൊരു കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ്. മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് തിരൂർ ഡിവൈഎസ്പി സിദ്ധിഖ് വ്യക്തമാക്കി. സംശയത്തിന്റെ പേരിൽ മുഹമ്മദ് ഫാത്തിമയെ അപായപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവദിവസം ഇരുവരും ഒരുമിച്ചാണ് ബീച്ചിലേക്ക് പോയതെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. പിന്നീട് കാണാതായ മുഹമ്മദിനെ പരപ്പനങ്ങാടി റെയിൽവേ ട്രാക്കിന് സമീപത്ത് നിന്നാണ് പോലീസ് പിടികൂടിയത്. ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
കഴിഞ്ഞ രാത്രി പത്തുമണിയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന്റെ കാൽ തെരുവ് നായ്ക്കൾ വലിച്ചിഴക്കുന്ന കാഴ്ച കണ്ടുനിന്നവരാണ് പോലീസിനെ വിവരമറിയിച്ചത്. ഒന്നരവർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. നാലുമാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്. ഹാർബർ പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചുവരികയാണ്. മുഹമ്മദിന്റെ ചോദ്യം ചെയ്യൽ പൂർത്തിയാകുന്നതോടെ അറസ്റ്റ് രേഖപ്പെടുത്തും.
Story Summary: The body of a 22-year-old woman, Fathima, was found near Ponnani Harbor, and her husband, Muhammed, has been taken into custody. Police suspect murder motivated by marital discord and suspicion, as the husband was caught while attempting suicide near a railway track.

