തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ നീതി തേടി ദളിത് സംഘടനകൾ നടത്തിയ ഹർത്താൽ നേരിടുന്നതിൽ പോലീസിന് വീഴ്ച സംഭവിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട്. പ്രതിഷേധ സാധ്യതകൾ മുൻകൂട്ടി കണ്ട് മതിയായ മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ പരാജയപ്പെട്ടുവെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.(Nitin Raj’s death, Intelligence report says police failed to deal with hartal
52 ദളിത് സംഘടനകളും ആക്ഷൻ കൗൺസിലും ചേർന്ന് ദിവസങ്ങൾക്ക് മുൻപേ പ്രഖ്യാപിച്ച ഹർത്താലായിരുന്നിട്ടും ഇത് വേണ്ടത്ര ഗൗരവത്തിലെടുത്തില്ലെന്ന് ഇന്റലിജൻസ് ചൂണ്ടിക്കാട്ടുന്നു. ബസുകൾ തടയുന്നതും കടകൾ അടപ്പിക്കുന്നതും ഉൾപ്പെടെയുള്ള സമരമുറകളെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് മുൻകൂട്ടി റിപ്പോർട്ട് നൽകിയില്ല.
ഹർത്താൽ അനുകൂലികൾ തെരുവിലിറങ്ങിയപ്പോൾ അവരെ നേരിടാൻ പലയിടത്തും മതിയായ പോലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല. ക്രമസമാധാന പാലനത്തിനായുള്ള മുൻകരുതൽ നിർദ്ദേശങ്ങൾ നൽകുന്നതിലും വീഴ്ചയുണ്ടായി. തിരുവനന്തപുരത്ത് ദേശീയപാത മണിക്കൂറുകളോളം തടഞ്ഞത് പോലീസിനും സ്പെഷ്യൽ ബ്രാഞ്ചിനും ഉണ്ടായ വലിയ വീഴ്ചയായാണ് റിപ്പോർട്ട് വിലയിരുത്തുന്നത്.
മെഡിക്കൽ കോളേജ്, ആർ.സി.സി എന്നിവിടങ്ങളിലേക്ക് പോകേണ്ടിയിരുന്ന രോഗികളും വി.ഐ.ടി എൻട്രൻസ് പരീക്ഷ എഴുതാനെത്തിയ നൂറുകണക്കിന് വിദ്യാർത്ഥികളും വഴിയിൽ കുടുങ്ങി. ദേശീയപാത തടയുമെന്ന കാര്യത്തിൽ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരിൽ നിന്ന് ഫീൽഡ് റിപ്പോർട്ടുകൾ ലഭിച്ചില്ല. ഡി.എച്ച്.ആർ.എം അടക്കമുള്ള സംഘടനകളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിലും റിപ്പോർട്ട് ചെയ്യുന്നതിലും ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

