തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള കരുനീക്കങ്ങൾ നാടകീയമായ തലങ്ങളിലേക്ക്. കെ.സി. വേണുഗോപാലും മാത്യു കുഴൽനാടൻ എംഎൽഎയും ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ച അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിരിക്കുകയാണ്.(Mathew Kuzhalnadan met KC Venugopal in Delhi during CM talks, He left through the back door without meeting the media)
ബുധനാഴ്ച രാവിലെ ഒൻപത് മണിയോടെ കെ.സി. വേണുഗോപാലിന്റെ ഡൽഹിയിലെ വസതിയിലെത്തിയ മാത്യു കുഴൽനാടൻ ഒന്നര മണിക്കൂറോളം അവിടെ ചെലവഴിച്ചു. കൂടിക്കാഴ്ച കഴിഞ്ഞ് മടങ്ങിയ മാത്യു കുഴൽനാടൻ, മാധ്യമപ്രവർത്തകരെ വെട്ടിച്ച് പിൻവാതിലിലൂടെയാണ് പുറത്തുപോയത്.
കൂടിക്കാഴ്ചയുടെ ഉള്ളടക്കം വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. ഈ കൂടിക്കാഴ്ചയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേയുള്ള ഇത്തരത്തിലുള്ള മുഖ്യമന്ത്രി ചർച്ചകളിൽ മുസ്ലീം ലീഗും കേരള കോൺഗ്രസ് (ജോസഫ്) വിഭാഗവും പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇത് വകവെക്കാതെ കോൺഗ്രസ് ക്യാമ്പുകളിൽ പോര് സജീവമാണ്. കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയായാൽ പാലക്കാട്ടെ ഹേമാംബിക ക്ഷേത്രത്തിൽ കളഭം കൊണ്ട് തുലാഭാരം നടത്തുമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് നേർച്ച നേർന്നത് പാർട്ടിയിൽ വലിയ ചർച്ചയായിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വി.ഡി. സതീശനെയും രമേശ് ചെന്നിത്തലയെയും ‘നിയുക്ത മുഖ്യമന്ത്രി’മാരായി വാഴ്ത്തിക്കൊണ്ടുള്ള ഫ്ലക്സ് ബോർഡുകൾ അണികൾ ഉയർത്തുന്നത് തുടരുകയാണ്.

