തിരുവനന്തപുരം: പോത്തൻകോട് ചന്തവിളയിൽ അർദ്ധരാത്രിയിൽ വയോധികയ്ക്ക് നേരെ ക്രൂരമായ അക്രമം. ചന്തവിള കുറട്ടൂർ സ്വദേശി ലീലയെയാണ് (70) ഒരു സംഘം വീടു കയറി ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Brutal attack on elderly woman in Thiruvananthapuram in her house)
ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ലീലയുടെ വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ചാണ് അക്രമികൾ അകത്തുകടന്നത്. തുടർന്ന് ലീലയെ കമ്പിവടി കൊണ്ട് ശരീരമാസകലം മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ ഇവരുടെ ഇരുകാലുകൾക്കും ഗുരുതരമായി പരിക്കേറ്റു. ലീലയുടെ വീടും കടയും അക്രമികൾ അടിച്ചുതകർത്തിട്ടുണ്ട്.
മർദ്ദനമേറ്റ ശേഷം എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്ന ലീല, പുലർച്ചെ അഞ്ച് മണിയോടെ വീട്ടിൽ നിന്നും ഇഴഞ്ഞ് റോഡിലെത്തുകയായിരുന്നു. വഴിയിൽ അവശ നിലയിൽ കിടന്ന ലീലയെ കണ്ട നാട്ടുകാരാണ് സംഭവം പോലീസിനെ അറിയിച്ചത്. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.

