ഇടുക്കി : നെടുങ്കണ്ടം പച്ചടിയിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ പ്രതി സജിയുടെ ഞെട്ടിക്കുന്ന കുറ്റസമ്മത മൊഴി പുറത്ത്. സ്വത്തിനെച്ചൊല്ലിയുണ്ടായ തർക്കമാണ് അതിക്രൂരമായ കൊലപാതകത്തിൽ കലാശിച്ചതെന്ന് സജി പോലീസിനോട് സമ്മതിച്ചു.(The bodies were wrapped in green net and kept for 2 days, Shocking details in the Nedumkandam double murder)
ഏപ്രിൽ 4-ന് രാത്രിയായിരുന്നു കൊലപാതകം. സംഭവദിവസം മദ്യപിച്ചെത്തിയ സജി സഹോദരൻ റെജിയുമായി സ്വത്തുതർക്കത്തിന്റെ പേരിൽ വാക്കേറ്റമുണ്ടാവുകയും ഇത് സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു. മർദ്ദനമേറ്റ് റെജി വീണപ്പോൾ കഴുത്തിൽ ചവിട്ടിപ്പിടിക്കുകയും, തോർത്ത് മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
തുടർന്ന്, പക്ഷാഘാതം വന്ന് ചികിത്സയിലായിരുന്ന അമ്മ മേരിക്കുട്ടിയെയും സജി അതിക്രൂരമായി കൊലപ്പെടുത്തി. അമ്മയെ കൈയിൽ പിടിച്ച് കറക്കി ഭിത്തിയിലേക്ക് എറിയുകയും, മുഖത്തിടിക്കുകയും തല ഭിത്തിയിലിടിപ്പിക്കുകയും ചെയ്തു. രണ്ട് ദിവസത്തോളം വീടിനോടു ചേർന്നുള്ള വിറകുപുരയിൽ ഗ്രീൻ നെറ്റിൽ പൊതിഞ്ഞു സൂക്ഷിച്ച മൃതദേഹങ്ങൾ മൂന്നാം ദിവസം രാത്രി പറമ്പിൽ കുഴിച്ചിടുകയായിരുന്നു.
കൊലപാതകത്തിന് ശേഷവും സജി സാധാരണ പോലെ ജോലിക്ക് പോയിരുന്നു. മേരിക്കുട്ടിയെയും റെജിയെയും കാണാതായതിനെക്കുറിച്ച് നാട്ടുകാർ ചോദിച്ചപ്പോൾ, ചികിത്സയ്ക്കായി തേനിയിലേക്ക് പോയി എന്നോ സഹോദരിയുടെ വീട്ടിൽ പോയി എന്നോ ഒക്കെയായിരുന്നു സജിയുടെ മറുപടി. എന്നാൽ, സഹോദരി സിനി നൽകിയ പരാതിയെത്തുടർന്ന് പോലീസ് വീട്ടിലെത്തിയതോടെ പ്രതി ഒളിവിൽ പോകുകയായിരുന്നു.
രണ്ടു ദിവസത്തോളം സമീപത്തെ പാറക്കൂട്ടങ്ങൾക്കിടയിൽ ഒളിച്ചിരുന്ന സജിയെ, പോലീസ് നായയെയും ഡ്രോണും ഉപയോഗിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് പിടികൂടിയത്. ഇടുക്കി എസ്പി സാബു മാത്യു, കട്ടപ്പന ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ തുടരുകയാണ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൂടുതൽ തെളിവെടുപ്പിനായി സജിയെ പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് തീരുമാനം.

