ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്ന ഹർജികളെ എതിർക്കുന്നവരുടെ വാദം ഇന്ന് സുപ്രീംകോടതിയിൽ ആരംഭിക്കും. യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവർക്കായി മുതിർന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ്ങാകും ഭരണഘടനാ ബെഞ്ചിന് മുന്നിൽ ആദ്യം വാദിക്കുക. (Sabarimala case, Arguments in favor of women’s entry to begin today )
യുവതി പ്രവേശത്തെ എതിർക്കുന്നവരുടെ വാദങ്ങൾ ഒൻപത് ദിവസമാണ് നീണ്ടുനിന്നത്. എട്ട് ദിവസം കൊണ്ട് വാദം പൂർത്തിയാക്കാനാണ് ചീഫ് ജസ്റ്റിസ് നിർദ്ദേശം നൽകിയിരുന്നതെങ്കിലും നിയമപരമായ സങ്കീർണ്ണതകൾ പരിഗണിച്ച് സമയം നീട്ടി നൽകുകയായിരുന്നു. ഇന്ന് മുതൽ പുനഃപരിശോധനാ ഹർജികളെ എതിർക്കുന്ന 15-ഓളം കക്ഷികൾ തങ്ങളുടെ വാദങ്ങൾ ബെഞ്ചിന് മുന്നിൽ അവതരിപ്പിക്കും.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വാദത്തിനിടെ കോടതി നടത്തിയ ചില നിരീക്ഷണങ്ങൾ ശ്രദ്ധേയമായിരുന്നു. അവിശ്വാസികളായവർ എന്തിനാണ് മതാചാരങ്ങളിൽ ഇടപെടാൻ കോടതികളെ സമീപിക്കുന്നത്? പൊതുതാൽപര്യ ഹർജികളിലൂടെ ലക്ഷക്കണക്കിന് വിശ്വാസികളുടെ ആചാരങ്ങൾ തെറ്റാണെന്ന് പറയാൻ കഴിയുമോ? ഈ പശ്ചാത്തലത്തിൽ, സ്ത്രീകളുടെ അവകാശങ്ങളും ഭരണഘടനാപരമായ തുല്യതയും മുൻനിർത്തി ഉന്നയിക്കുന്ന വാദങ്ങൾ കേസിൽ നിർണ്ണായകമാകും. അടുത്ത വാദം മെയ് അഞ്ചിനാകും നടക്കുക.

