ടെഹ്‌റാൻ: അമേരിക്കയും ഇസ്രായേലുമായി സംഘർഷം തുടരവേ, ഇറാന്റെ ആഭ്യന്തര ഭരണസംവിധാനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ സംഭവിക്കുന്നതായി റിപ്പോർട്ടുകൾ. രാജ്യത്തിന്റെ പരമോന്നത നേതാവിനുണ്ടായിരുന്ന സർവ്വാധിപത്യം കുറയുകയും, ശക്തമായ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ഭരണകാര്യങ്ങളിൽ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നതായാണ് അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.(Iran’s control to military commanders? Is Mojtaba Khamenei’s sovereignty waning?)
മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെ തുടർന്ന് അധികാരമേറ്റ മകൻ മുജ്‌തബ ഖമേനിക്ക് പിതാവിനെപ്പോലെ ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കുന്നില്ല. നിലവിൽ സൈനിക കമാൻഡർമാർ എടുക്കുന്ന തീരുമാനങ്ങൾക്ക് അംഗീകാരം നൽകുന്ന ഒരു പദവിയിലേക്ക് അദ്ദേഹം ഒതുക്കപ്പെട്ടതായാണ് സൂചന.
1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം മതനേതൃത്വമായിരുന്നു ഇറാന്റെ അവസാന വാക്ക്. എന്നാൽ ഇപ്പോൾ ഒരു ‘മിലിട്ടറി കൗൺസിൽ’ രൂപീകരിച്ച് IRGC ജനറലുകൾ ഭരണം നിയന്ത്രിക്കുകയാണ്. ഭരണനേതൃത്വത്തിൽ ഉണ്ടായ ഈ അധികാര മാറ്റം സമാധാന ചർച്ചകളെയും ബാധിച്ചിട്ടുണ്ട്. അമേരിക്കയുമായുള്ള ചർച്ചകളിൽ ഇറാൻ മുൻപത്തേക്കാൾ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്നത് സൈന്യത്തിന് മേധാവിത്വം ലഭിച്ചതുകൊണ്ടാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
നയതന്ത്രപരമായ മറുപടികൾ നൽകുന്നതിൽ ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന കാലതാമസത്തിന് കാരണം ഏകീകൃത നേതൃത്വത്തിന്റെ അഭാവമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മതനേതൃത്വവും സൈനിക സുരക്ഷാ വിഭാഗവും തമ്മിലുള്ള തർക്കങ്ങൾ പലപ്പോഴും തീരുമാനങ്ങൾ വൈകാൻ കാരണമാകുന്നുണ്ട്.

