ന്യൂഡൽഹി: ആംആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ഏഴ് രാജ്യസഭാംഗങ്ങൾ ബിജെപിയിൽ ചേർന്നതിന് രാജ്യസഭ സെക്രട്ടറിയേറ്റ് അംഗീകാരം നൽകിയിരുന്നു. ഇതോടെ പാർട്ടിയുടെ രാജ്യസഭയിലെ അംഗബലം മൂന്നായി ചുരുങ്ങി. ഈ കടുത്ത പ്രതിസന്ധിക്കിടയിൽ കരുത്ത് തെളിയിക്കുന്നതിനായി നാളെ ജലന്ധറിൽ ആംആദ്മി പാർട്ടി അടിയന്തര യോഗം വിളിച്ചു.(Major split in AAP, Party calls emergency meeting in Punjab tomorrow to resolve crisis)
രാജ്യസഭ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പുതിയ പട്ടിക പ്രകാരം ഏഴ് എ എ പി എംപിമാരും ബിജെപി അംഗങ്ങളായി മാറി. അശോക് മിത്തൽ, രാഘവ് ഛദ്ദ, സന്ദീപ് പഥക്, സ്വാതി മലിവാൾ തുടങ്ങിയ പ്രമുഖർ ഉൾപ്പെടെയാണ് ബിജെപിയിൽ ചേർന്നത്. ഇതോടെ രാജ്യസഭയിൽ ബിജെപിയുടെ അംഗബലം 113 ആയും എൻഡിഎയുടേത് 148 ആയും ഉയർന്നു.
ഈ വർഷാവസാനം ഒഴിവ് വരുന്ന സീറ്റുകൾ കൂടി കണക്കിലെടുത്താൽ രാജ്യസഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. പാർട്ടി നൽകിയ അയോഗ്യതാ നോട്ടീസ് പരിഗണിക്കാതെയാണ് സെക്രട്ടറിയേറ്റ് നടപടിയെന്ന് നേതാവ് സഞ്ജയ് സിംഗ് ആരോപിച്ചു. എംപിമാരെ അയോഗ്യരാക്കണമെന്ന ആവശ്യം ഇതോടെ അപ്രസക്തമായി. മൂന്നിൽ രണ്ട് അംഗങ്ങൾ ഒന്നിച്ച് മാറിയതിനാൽ കൂറുമാറ്റ നിരോധന നിയമം ഇവർക്ക് ബാധകമാകില്ല എന്നതും പാർട്ടിയെ പ്രതിരോധത്തിലാക്കുന്നു. പുതിയ അംഗങ്ങളെ സ്വാഗതം ചെയ്ത കേന്ദ്രമന്ത്രി കിരൺ റിജിജു, ഇവർ മോദിയുടെ കരങ്ങൾക്ക് കരുത്തേകുമെന്ന് പ്രത്യാശിച്ചു.
92 എംഎൽഎമാരിൽ ചിലരെങ്കിലും കൂറുമാറിയേക്കുമെന്ന സൂചനകൾക്കിടെയാണ് നാളെ ജലന്ധറിൽ യോഗം വിളിച്ചിരിക്കുന്നത്. എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ഓൺലൈനായി യോഗത്തിൽ പങ്കുചേരും.

