ഇടുക്കി: പച്ചടിയിൽ വീട്ടുവളപ്പിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സജിക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ഇയാൾ അതിർത്തി കടന്ന് തമിഴ്നാട്ടിലേക്ക് കടന്നേക്കാം എന്ന നിഗമനത്തിൽ അന്വേഷണം അയൽസംസ്ഥാനത്തേക്കും വ്യാപിപ്പിച്ചു. തമിഴ്നാട് പൊലീസിന് പ്രതിയുടെ വിവരങ്ങൾ കൈമാറിയതായും അതിർത്തികളിൽ ജാഗ്രതാ നിർദ്ദേശം നൽകിയതായും ഇടുക്കി ജില്ലാ പൊലീസ് മേധാവി സാബു മാത്യു അറിയിച്ചു.(Nedumkandam double murder, Search for Saji extends beyond Kerala)
ഈ മാസം കാണാതായ മേരിക്കുട്ടി (70), മകൻ റെജി (48) എന്നിവരുടെ മൃതദേഹങ്ങളാണ് വീട്ടുവളപ്പിൽ നിന്ന് കണ്ടെത്തിയത് എന്നാണ് സൂചന. മൃതദേഹങ്ങൾ അഴുകിയ നിലയിലാണ്. ശാസ്ത്രീയ പരിശോധനകൾക്കും ഡിഎൻഎ ടെസ്റ്റിനും ശേഷം മാത്രമേ മൃതദേഹങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിക്കൂ.
2018-ൽ മേരിക്കുട്ടിയുടെ ഭർത്താവ് മാത്യുവിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായിരുന്നു. അന്ന് മാത്യു ബസ് കയറിപ്പോയി എന്ന നിഗമനത്തിൽ അന്വേഷണം അവസാനിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ വീട്ടുവളപ്പിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ മാത്യുവിനെയും സമാന രീതിയിൽ അപായപ്പെടുത്തിയതാണോ എന്ന സംശയം പൊലീസിനുണ്ട്. സജിയെ പിടികൂടുന്നതോടെ ഈ വർഷങ്ങൾ നീണ്ട നിഗൂഢതയ്ക്കും അന്ത്യമുണ്ടാകുമെന്ന് പൊലീസ് കരുതുന്നു.
അവിവാഹിതരായ രണ്ട് മക്കൾക്കൊപ്പമാണ് പക്ഷാഘാതം ബാധിച്ച് കിടപ്പിലായിരുന്ന മേരിക്കുട്ടി താമസിച്ചിരുന്നത്. ഇവരെ കാണാതായപ്പോൾ ഇളയ മകൻ സജി നാട്ടുകാരോട് പരസ്പരവിരുദ്ധമായ മറുപടികളാണ് നൽകിയിരുന്നത്. ഇവർ തേനിയിൽ ചികിത്സയ്ക്ക് പോയിരിക്കുകയാണെന്നും ബന്ധുവീട്ടിലാണെന്നും ഇയാൾ മാറ്റിപ്പറഞ്ഞു. സംശയം തോന്നിയ മേരിക്കുട്ടിയുടെ മകൾ പരാതി നൽകിയതോടെയാണ് പൊലീസ് എത്തിയത്. ഞായറാഴ്ച വൈകീട്ട് പൊലീസ് വീട്ടിലെത്തി ചോദ്യം ചെയ്തതോടെ പന്തികേട് തോന്നിയ സജി ഉടൻ തന്നെ വീട്ടിൽ നിന്നും മുങ്ങുകയായിരുന്നു.

