കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. പവന് ഒറ്റയടിക്ക് 520 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,12,200 രൂപയായി. ഗ്രാമിന് 65 രൂപ കുറഞ്ഞ് 14,025 രൂപയിലെത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണ്ണവിലയിൽ തുടർച്ചയായ കുറവാണ് പ്രകടമാകുന്നത്.(Gold price falls in Kerala, know about today’s rate )
ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഉയരുന്നതാണ് സ്വർണ്ണവിലയിലെ ഇടിവിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. ഇന്ത്യ പ്രധാനമായും ഇറക്കുമതി ചെയ്യുന്ന ബ്രെൻഡ് ക്രൂഡിന്റെ വില ബാരലിന് 110 ഡോളറിലേക്ക് അടുക്കുകയാണ്. നിലവിൽ 0.90 ശതമാനം വർധനയോടെ 106 ഡോളറിന് മുകളിലാണ് എണ്ണവില വ്യാപാരം നടക്കുന്നത്.
പശ്ചിമേഷ്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ആഗോള വിപണിയെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. ഇറാനുമായുള്ള വെടിനിർത്തൽ അമേരിക്ക നീട്ടിയെങ്കിലും സമാധാന ചർച്ചകളിലെ അനിശ്ചിതത്വം തുടരുകയാണ്. ഹോർമുസ് കടലിടുക്കിലുണ്ടാകുന്ന ഗതാഗത തടസ്സങ്ങൾ എണ്ണവില ഉയർന്നു നിൽക്കാൻ കാരണമാകുന്നു.

