നാഗ്‌പൂർ: കടുത്ത ഉഷ്ണതരംഗത്തിൽ വെന്തുരുകി മഹാരാഷ്ട്രയിലെ വിദർഭ മേഖല. ഞായറാഴ്ച 46.9 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയ അകോലയാണ് നിലവിൽ രാജ്യത്തെ ഏറ്റവും ചൂടേറിയ നഗരം (Akola Hottest City India). തൊട്ടുപിന്നാലെ 46.8 ഡിഗ്രി സെൽഷ്യസുമായി അമരാവതിയും കടുത്ത ചൂടിൽ തുടരുകയാണ്.
വിദർഭയിലെ വിവിധ നഗരങ്ങളിൽ താപനില 45 ഡിഗ്രിക്ക് മുകളിലാണ്. വാർധയിൽ 46.4 ഡിഗ്രി, യവത്മാലിൽ 46 ഡിഗ്രി, നാഗ്‌പൂരിൽ 45.4 ഡിഗ്രി, ചന്ദ്രപൂരിൽ 45 ഡിഗ്രി എന്നിങ്ങനെയാണ് രേഖപ്പെടുത്തിയ ചൂട്. മഹാരാഷ്ട്രയ്ക്കും സമീപ പ്രദേശങ്ങൾക്കും മുകളിലുള്ള ആന്റിസൈക്ലോണിക് സർക്കുലേഷനും വടക്കുപടിഞ്ഞാറൻ ഭാഗത്തുനിന്നുള്ള വരണ്ട കാറ്റുമാണ് ചൂട് ഇത്രയധികം വർദ്ധിക്കാൻ കാരണം. അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ കുറവും വെസ്റ്റേൺ ഡിസ്റ്റർബൻസിന്റെ സ്വാധീനമില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
ചൊവ്വാഴ്ച വരെ ഉഷ്ണതരംഗം തുടരാൻ സാധ്യതയുള്ളതിനാൽ ഐ.എം.ഡി (IMD) അകോല, അമരാവതി, വാർധ എന്നിവിടങ്ങളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. നാഗ്‌പൂർ, ചന്ദ്രപൂർ, യവത്മാൽ എന്നിവിടങ്ങളിൽ യെല്ലോ അലേർട്ടും നൽകിയിട്ടുണ്ട്. ചിലയിടങ്ങളിൽ താപനില 47 ഡിഗ്രി വരെ ഉയർന്നേക്കാം. ബുധനാഴ്ചയോടെ താപനിലയിൽ 2 മുതൽ 3 ഡിഗ്രി വരെ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്നും കാറ്റോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടുത്ത ചൂടിനെത്തുടർന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർജ്ജലീകരണം ഒഴിവാക്കാൻ ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
Summary: Akola in Maharashtra recorded 46.9°C on Sunday, the highest temperature in India, as a severe heatwave gripped the Vidarbha region. Amravati followed closely at 46.8°C. The IMD has issued orange and yellow alerts for several districts, warning that temperatures could touch 47°C by Tuesday. Relief is expected later this week with a predicted dip in temperature and potential rainfall.

