തിരുവനന്തപുരം: നിയമസഭാ സ്പീക്കർ എന്ന നിലയിലുള്ള തന്റെ അവസാന ഔദ്യോഗിക പരിപാടിക്ക് ശേഷം സംസാരിക്കവെ എ.എൻ. ഷംസീർ പുതിയ സാമാജികർക്കെതിരെ വിമർശനമുന്നയിച്ചു. വരാനിരിക്കുന്ന നിയമസഭാ അംഗങ്ങൾ സഭാ നടപടികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു.(New members are not spending enough time in the House, says Speaker)
പുതിയ എംഎൽഎമാർ സഭയ്ക്കകത്ത് വേണ്ടത്ര സമയം ഇരിക്കുന്നില്ല. സീനിയർ അംഗങ്ങൾ സഭാ നടപടികളിൽ കൃത്യമായി പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുസ്തകങ്ങൾ വായിച്ച് സഭാ നടപടികൾ പഠിച്ചതുകൊണ്ട് മാത്രം കാര്യമില്ല. സഭയ്ക്കകത്ത് ഇരുന്ന് നടപടിക്രമങ്ങൾ നേരിട്ട് കണ്ടുതന്നെ പഠിക്കണം.
എൽഡിഎഫ് എന്നോ യുഡിഎഫ് എന്നോ വ്യത്യാസമില്ലാതെ എല്ലാ പുതിയ അംഗങ്ങളെയും ഉദ്ദേശിച്ചാണ് താൻ ഈ വിമർശനം ഉയർത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ സാമാജികർ സഭയെ കൂടുതൽ ഗൗരവത്തോടെ സമീപിക്കണമെന്ന സന്ദേശമാണ് അദ്ദേഹം നൽകിയത്.

