തൃശൂർ: കേരളത്തിൽ ആദ്യമായി വിമാനമാർഗ്ഗം ഹൃദയമെത്തിച്ച് നടത്തിയ ശസ്ത്രക്രിയയിലൂടെ പുതുജീവൻ ലഭിച്ച ചാലക്കുടി പരിയാരം സ്വദേശി മാത്യു അച്ചാടൻ അന്തരിച്ചു. പത്ത് വർഷം മുൻപാണ് മാത്യുവിന്റെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്. പുലർച്ചെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നു.(Kerala’s first air ambulance heart transplant surgery, Mathew Achadan passes away )
2015 ജൂലൈ 24-നായിരുന്നു കേരളം ശ്വാസമടക്കിപ്പിടിച്ചു നിന്ന ആ ദൗത്യം നടന്നത്. തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച നീലകണ്ഠ ശർമ്മയുടെ ഹൃദയമാണ് മാത്യുവിന് ലഭിച്ചത്. തിരുവനന്തപുരത്തുനിന്ന് റോഡ് മാർഗ്ഗം ഹൃദയം എറണാകുളത്ത് എത്തിക്കാൻ നാല് മണിക്കൂറിലധികം എടുക്കുമായിരുന്നു. ഇത് ശസ്ത്രക്രിയയുടെ വിജയത്തെ ബാധിക്കുമെന്നതിനാലാണ് വ്യോമമാർഗ്ഗം എന്ന തീരുമാനത്തിലേക്ക് എത്തിയത്.
ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ ലിസി ആശുപത്രി അധികൃതരും അന്നത്തെ എം.എൽ.എ ഹൈബി ഈഡനും ചേർന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ബന്ധപ്പെടുകയായിരുന്നു. ഉമ്മൻചാണ്ടിയുടെ സത്വരമായ ഇടപെടലിനെത്തുടർന്ന് നാവികസേനയുടെ ഹെലികോപ്റ്റർ വിട്ടുനൽകാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി നൽകി. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കൊച്ചിയിലേക്ക് നാവികസേനയുടെ വിമാനത്തിലും പിന്നീട് ഹെലികോപ്റ്ററിലുമായി ഹൃദയം ലിസി ആശുപത്രിയിലെത്തിച്ചു. കേരളത്തിൽ സർക്കാർ തലത്തിൽ വലിയ രീതിയിലുള്ള ഏകോപനം നടന്ന ആദ്യ അവയവമാറ്റ ദൗത്യമായിരുന്നു ഇത്.
ചുമട്ടുതൊഴിലാളിയും ഓട്ടോ ഡ്രൈവറുമായിരുന്ന മാത്യുവിന് തന്റെ 47-ാം വയസ്സിലായിരുന്നു ശസ്ത്രക്രിയ നടന്നത്. തുടർന്ന് പത്ത് വർഷക്കാലം സാധാരണ ജീവിതം നയിക്കാൻ അദ്ദേഹത്തിന് സാധിച്ചു. കേരളത്തിലെ അവയവദാന പ്രക്രിയയ്ക്കും എയർ ആംബുലൻസ് സംവിധാനങ്ങൾക്കും വലിയ പ്രചോദനം നൽകിയ വ്യക്തിത്വമായിരുന്നു മാത്യു അച്ചാടൻ.

