വാഷിങ്ടൺ: വാഷിങ്ടണിൽ നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയുണ്ടായ വെടിവെപ്പിനെ പരിഹസിച്ച് ഇറാൻ പുറത്തിറക്കിയ സംഗീത വീഡിയോ ആഗോളതലത്തിൽ ശ്രദ്ധനേടുന്നു. കുട്ടികളുടെ കളിപ്പാട്ടമായ ലെഗോ രൂപത്തിലുള്ള അനിമേഷൻ കഥാപാത്രങ്ങളെ ഉപയോഗിച്ചാണ് ട്രംപ് ഭരണകൂടത്തെ വീഡിയോയിൽ ആക്ഷേപിക്കുന്നത്.(Iran Drops Lego-Style Clip Mocking Trump Over Dinner Shooting incident )
Wow. Iranian Lego diss track team is FAST. pic.twitter.com/ILdlraLfFq
— Malcolm Nance (@MalcolmNance) April 26, 2026
ട്രംപിന്റെ ജനപ്രീതിയും സർവേ ഫലങ്ങളും ഇടിയുമ്പോൾ ജനശ്രദ്ധ തിരിക്കാനായി അദ്ദേഹം തന്നെ ആസൂത്രണം ചെയ്യുന്ന നാടകമാണ് ഇത്തരം സംഭവങ്ങളെന്ന് വീഡിയോ ആരോപിക്കുന്നു. “നിങ്ങളുടെ പോളുകൾ ഇടിയുമ്പോഴെല്ലാം നിങ്ങൾ ഇതേ തന്ത്രം പുറത്തെടുക്കുന്നു” എന്നാണ് വീഡിയോയിലെ ഒരു പ്രധാന വരി. യുഎസിലെ മാധ്യമങ്ങളെ ട്രംപിന് നിയന്ത്രിക്കാൻ കഴിഞ്ഞേക്കാം, എന്നാൽ ഇറാന്റെ മേൽ അദ്ദേഹത്തിന് നിയന്ത്രണമില്ലെന്ന് വീഡിയോയിൽ പറയുന്നു.
ട്രംപിനെ അതീവ ദുർബലനായും അഹംഭാവിയായുമാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. “സ്വന്തം പ്രതിച്ഛായയെക്കുറിച്ച് വേവലാതിപ്പെടുന്ന ദുർബലനായ നേതാവ്” എന്നും വീഡിയോയിൽ പരിഹസിക്കുന്നു. രാജ്യം സാമ്പത്തികമായി തകരുമ്പോഴും ട്രംപ് ഭരണകൂടം ഇത്തരം നാടകങ്ങളുമായി മുന്നോട്ട് പോകുകയാണെന്നും അദ്ദേഹത്തിന്റെ അനുയായികൾ പോലും സത്യം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നുവെന്നും വീഡിയോ അവകാശപ്പെടുന്നു.
അപ്രതീക്ഷിതമായാണ് ഹാളിൽ വെടിയൊച്ച മുഴങ്ങിയത്. ഉടൻ തന്നെ സീക്രട്ട് സർവീസ് ഏജന്റുമാർ ട്രംപിനെയും പ്രഥമ വനിത മെലാനിയയെയും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. എട്ട് തവണയാണ് വെടിവെപ്പുണ്ടായത്. സംഭവത്തെത്തുടർന്ന് വൻ സുരക്ഷാ സന്നാഹമാണ് വാഷിങ്ടണിൽ ഒരുക്കിയത്. ഇറാൻ അനുകൂലികളായ ‘എക്സ്പ്ലോസീവ് മീഡിയ’ എന്ന ഗ്രൂപ്പാണ് ഈ വീഡിയോയ്ക്ക് പിന്നിലെന്നാണ് സൂചന. സമാനമായ ലെഗോ വീഡിയോകൾ പ്രചരിപ്പിച്ചതിന് ഇവരെ നേരത്തെ യൂട്യൂബ് നിരോധിച്ചിരുന്നു. ഇത്തരത്തിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള പ്രചാരണ വീഡിയോകൾ ഇറാൻ മുമ്പും പുറത്തിറക്കിയിട്ടുണ്ട്.

