തിരുവനന്തപുരം: കേരളത്തിൽ കൊടുംചൂട് ജനജീവിതത്തെ സാരമായി ബാധിക്കുന്നത് തുടരുന്നു. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം, ചൂടിന് ശമനമേകിക്കൊണ്ട് വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വേനൽമഴ ശക്തമാകുമെന്നും പ്രവചനമുണ്ട്.(Severe heat continues in the state, Summer rains arrive as relief, yellow alert in 4 districts)
ഉയർന്ന താപനിലയും അന്തരീക്ഷത്തിലെ ഈർപ്പവും കാരണം മലയോര മേഖലകളിലൊഴികെ കടുത്ത അസ്വസ്ഥത അനുഭവപ്പെടാൻ സാധ്യതയുണ്ട്. വിവിധ ജില്ലകളിലെ പ്രതീക്ഷിക്കുന്ന താപനില പാലക്കാട്: 40°C വരെ, കൊല്ലം: 39°C വരെ, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്: 38°C വരെ, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർകോട്: 37°C വരെ, തിരുവനന്തപുരം: 36°C വരെ എന്നിങ്ങനെയാണ്.
കടുത്ത ചൂടിനിടയിലും സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ഇതിനോടകം വേനൽമഴ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഇന്ന് മുതൽ മഴ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ബുധനാഴ്ച: ഇടുക്കി, പത്തനംതിട്ട, കണ്ണൂർ, കാസർകോട്, വ്യാഴാഴ്ച: ഇടുക്കി, കോട്ടയം എന്നിങ്ങെനയാണ് യെല്ലോ അലർട്ട്. മഴയോടൊപ്പം ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

