ന്യൂഡൽഹി: ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളിന് അപ്രതീക്ഷിത തിരിച്ചടി നൽകി മുതിർന്ന നേതാക്കളുടെ കൂട്ടക്കൊഴിഞ്ഞുപോക്ക്. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ശേഷം കെജ്‌രിവാളിനും കുടുംബത്തിനും താമസിക്കാൻ സ്വന്തം ഔദ്യോഗിക വസതി വിട്ടുനൽകിയ അശോക് മിത്തൽ ഉൾപ്പെടെ ഏഴ് രാജ്യസഭാ എംപിമാരാണ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്.(AAP MP Hosted Arvind Kejriwal For A Year, Quit Party Hours After He Moved Out)
മദ്യനയക്കേസിൽ ജാമ്യം ലഭിച്ച ശേഷം 2024-ൽ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച കെജ്‌രിവാൾ, അശോക് മിത്തലിന്റെ ഫിറോസ് ഷാ റോഡിലെ ബംഗ്ലാവിലായിരുന്നു ഒരു വർഷത്തോളം താമസിച്ചിരുന്നത്. ഏപ്രിൽ 24-ന് ഈ വസതിയിൽ നിന്ന് മാറി കേന്ദ്ര സർക്കാർ അനുവദിച്ച പുതിയ ബംഗ്ലാവിലേക്ക് കെജ്‌രിവാൾ താമസം മാറ്റി മണിക്കൂറുകൾക്കകമാണ് മിത്തൽ പാർട്ടി വിട്ടത്. തന്നെ വിശ്വസിച്ച നേതാവിന്റെ ഈ നീക്കം കെജ്‌രിവാളിന് ഏറ്റ കനത്ത പ്രഹരമായി.
അശോക് മിത്തലിനൊപ്പം രാഘവ് ഛദ്ദ, സ്വാതി മലിവാൾ, ഹർഭജൻ സിംഗ്, സന്ദീപ് പഥക്, രാജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നീ രാജ്യസഭാ എംപിമാരാണ് എഎപി വിട്ട് ബിജെപിയിൽ ചേർന്നത്. ഏപ്രിൽ രണ്ടിന് രാഘവ് ഛദ്ദയെ പാർട്ടി ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്ന് നീക്കി അശോക് മിത്തലിനെ നിയമിച്ചത് മുതൽ പാർട്ടിയിൽ അസ്വാരസ്യങ്ങൾ പുകയുകയായിരുന്നു. ഛദ്ദയെ നിശബ്ദനാക്കാനാണ് പാർട്ടി ശ്രമിക്കുന്നതെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ ആരോപിച്ചു.
കെജ്‌രിവാളിന്റെ സഹായി ബിഭവ് കുമാർ തന്നെ മർദ്ദിച്ചുവെന്ന പരാതിക്ക് പിന്നാലെ സ്വാതി മലിവാൾ പാർട്ടിയുമായി അകന്നു കഴിയുകയായിരുന്നു. ഇവരുടെ രാജി മുൻകൂട്ടി പ്രവചിക്കപ്പെട്ടതായിരുന്നു. പാർട്ടിയിലെ ഭിന്നത പരിഹരിക്കാൻ കെജ്‌രിവാൾ അവസാന നിമിഷം ശ്രമങ്ങൾ നടത്തിയിരുന്നു. പാർട്ടിയിൽ അതൃപ്തിയുള്ളവർ ഇപ്പോൾ രാജിവെച്ചാൽ അടുത്ത തവണ വീണ്ടും ടിക്കറ്റ് നൽകാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി വെള്ളിയാഴ്ച വൈകുന്നേരം എംപിമാരെ കെജ്‌രിവാൾ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ ഈ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് എംപിമാർ ബിജെപി പ്രവേശം പ്രഖ്യാപിക്കുകയായിരുന്നു.

