ഭുവനേശ്വർ: ഒഡീഷയിലെ മയൂർഭഞ്ജ് ജില്ലയിലുള്ള ധീരാകുല ഗ്രാമത്തിലെ ശ്രീ ജഗന്നാഥ് ശിശു വിദ്യാ മന്ദിർ സ്‌കൂളിൽ നടന്നത് സിനിമാക്കഥകളെ വെല്ലുന്ന ധീരമായ ഒരു പോരാട്ടമാണ്. സ്‌കൂൾ മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന മുപ്പതോളം കിന്റർഗാർഡൻ വിദ്യാർത്ഥികളെ ഉഗ്രവിഷമുള്ള പാമ്പിൽ നിന്നും രക്ഷിക്കാൻ ‘കാളി’ എന്ന തെരുവുനായ സ്വന്തം ജീവൻ ബലിനൽകി (Kali Dog Saves 30 Students Odisha.
തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. കുട്ടികൾ മൈതാനത്ത് കളിച്ചുകൊണ്ടിരിക്കെ ഒരു വിഷപ്പാമ്പ് അവർക്ക് നേരെ ഇഴഞ്ഞുവരുന്നത് ആരും ശ്രദ്ധിച്ചില്ല. എന്നാൽ അപകടം മണത്ത കാളി ഉടൻ തന്നെ പാമ്പിനും കുട്ടികൾക്കുമിടയിൽ പ്രതിരോധ കവചമായി നിലയുറപ്പിച്ചു. പാമ്പ് പലതവണ കാളിയുടെ മുഖത്തും വായയിലും ആഞ്ഞുകൊത്തിയിട്ടും അവൾ പിന്മാറാൻ തയ്യാറായില്ല. കുട്ടികൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കുന്നത് വരെ പാമ്പിനോട് പൊരുതിയ കാളി ഒടുവിൽ അതിനെ കടിച്ചുകീറി കൊന്നു.
പാമ്പിനെ കൊന്നതിന് തൊട്ടുപിന്നാലെ ശരീരത്തിൽ വിഷം പടർന്ന കാളി കുഴഞ്ഞുവീണ് മരിച്ചു. ഒരു തെരുവുനായയെന്ന അവഗണനയല്ല, മറിച്ച് തങ്ങളുടെ മക്കളുടെ ജീവൻ രക്ഷിച്ച കാവൽമാലാഖയെന്ന ബഹുമാനമാണ് ഗ്രാമവാസികൾ കാളിക്ക് നൽകിയത്. വെള്ളത്തുണിയിൽ പൊതിഞ്ഞ് പൂക്കൾ കൊണ്ട് അലങ്കരിച്ച കാളിയുടെ മൃതദേഹം വിലാപയാത്രയായി കൊണ്ടുപോയാണ് ഗ്രാമം സംസ്കരിച്ചത്. മനുഷ്യർക്ക് നൽകുന്ന എല്ലാ അന്ത്യകർമ്മങ്ങളോടെയുമായിരുന്നു ആ വിടവാങ്ങൽ. തെരുവുനായ്ക്കളെ പലപ്പോഴും ഭീതിയോടെ മാത്രം കാണുന്ന ഈ കാലഘട്ടത്തിൽ, സ്നേഹത്തിനും വിശ്വസ്തതയ്ക്കും അതിരുകളില്ലെന്ന് തെളിയിച്ചിരിക്കുകയാണ് കാളി.
Summary: In a heroic act, a stray dog named ‘Kali’ saved the lives of over 30 kindergarten students at Shri Jagannath Shishu Vidya Mandir in Mayurbhanj, Odisha. When a venomous snake approached the playing children, Kali fought it off despite being bitten multiple times. She eventually killed the snake but succumbed to the venom shortly after. The grateful villagers honored her with a solemn funeral procession, treating her as a guardian angel who sacrificed her life for their children.

