തിരുവനന്തപുരം: പ്രമുഖ ആത്മീയ ആചാര്യനും ശ്രീനാരായണ ഗുരുകുലം അധ്യക്ഷനുമായ മുനി നാരായണ പ്രസാദ് (87) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ 3.55-ന് തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം (Muni Narayana Prasad Passed Away). നിത്യചൈതന്യയതിയുടെ പ്രധാന ശിഷ്യനും ആത്മീയ ഗ്രന്ഥകാരനുമായ അദ്ദേഹം ഭാരതീയ ദർശനങ്ങളെ ലളിതമായി വ്യാഖ്യാനിക്കുന്നതിൽ ശ്രദ്ധേയനായിരുന്നു.
2024-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. കൂടാതെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 1938-ൽ തിരുവനന്തപുരം ജില്ലയിലെ നഗരൂരിൽ ജനിച്ചു. എഞ്ചിനീയറിംഗ് ബിരുദധാരിയായിരുന്ന അദ്ദേഹം പൊതുമരാമത്ത് വകുപ്പിലെ ജോലി രാജിവെച്ചാണ് ആത്മീയ മാർഗ്ഗം സ്വീകരിച്ചത്. 1985-ൽ നിത്യചൈതന്യയതിയിൽ നിന്ന് സന്ന്യാസദീക്ഷ സ്വീകരിച്ചു. 1999-ൽ നിത്യചൈതന്യയതിയുടെ സമാധിക്ക് ശേഷമാണ് നാരായണഗുരുകുലത്തിന്റെ അധ്യക്ഷ പദവി ഏറ്റെടുത്തത്. ഇംഗ്ലീഷിലും മലയാളത്തിലുമായി തൊണ്ണൂറോളം ഗ്രന്ഥങ്ങൾ രചിച്ചു. ഭഗവദ്ഗീത, ഉപനിഷത്തുകൾ, ശ്രീനാരായണ ഗുരുവിന്റെ കൃതികൾ എന്നിവയ്ക്ക് അദ്ദേഹം നൽകിയ ഭാഷ്യങ്ങൾ ഏറെ ശ്രദ്ധേയമാണ്.
മോസ്കോ ലോകമത സമ്മേളനം ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര വേദികളിൽ ഭാരതീയ ചിന്തകളെ പ്രതിനിധീകരിച്ച അദ്ദേഹം, ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ ആഗോളതലത്തിൽ എത്തിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. അദ്ദേഹത്തിന്റെ വിയോഗം ആത്മീയ-സാംസ്കാരിക ലോകത്തിന് വലിയ നഷ്ടമാണ്.
Summary: Eminent spiritual leader and head of Sree Narayana Gurukulam, Muni Narayana Prasad (87), passed away at a private hospital in Thiruvananthapuram. A direct disciple of Nitya Chaitanya Yati, he was a prolific writer with over 90 books to his credit. Awarded the Padma Shri in 2024, he also received the Kerala Sahitya Akademi Award. He was a former engineer who dedicated his life to spreading the teachings of Narayana Guru and Indian philosophy.

