ന്യൂഡൽഹി: ഇന്ത്യൻ പാസ്‌പോർട്ട് പൗരത്വത്തിന്റെ അന്തിമ തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. പാസ്‌പോർട്ട് എന്നത് പ്രധാനമായും അന്താരാഷ്ട്ര യാത്രകൾക്ക് ഉപയോഗിക്കുന്ന ഒരു യാത്രാരേഖ മാത്രമാണെന്നും, അത് പൗരത്വത്തെ സ്ഥിരീകരിക്കുന്ന രേഖയായി കണക്കാക്കരുതെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. പൗരത്വ തെളിവിനെക്കുറിച്ച് പൊതുജനങ്ങളിൽ നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങൾ പരിഹരിക്കാനാണ് ഇത്തരമൊരു വിശദീകരണം നൽകിയത്.(Indian passport, MEA Clarifies Indian Passport Is Not Proof Of Citizenship Amid Service Reforms)
ഇന്ത്യൻ പൗരന്മാർക്ക് വിദേശ യാത്രകൾക്കും അവിടെ തിരിച്ചറിയൽ രേഖയായും ഉപയോഗിക്കാനാണ് പ്രധാനമായും പാസ്‌പോർട്ട് നൽകുന്നത്. വോട്ടർ ഐഡി, മറ്റ് തിരിച്ചറിയൽ രേഖകൾ എന്നിവ പോലെ പൗരത്വത്തിന് പകരമായി പാസ്‌പോർട്ടിനെ ഉപയോഗിക്കാൻ കഴിയില്ലെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം, പാസ്‌പോർട്ട് സേവനങ്ങളിൽ വലിയ മാറ്റങ്ങളാണ് സർക്കാർ കൊണ്ടുവരുന്നത്. പാസ്‌പോർട്ട് അപേക്ഷാ നടപടികൾ കൂടുതൽ വേഗത്തിലാക്കി. ഇപ്പോൾ മിക്ക കേസുകളിലും അഞ്ച് പ്രവൃത്തിദിവസങ്ങൾക്കുള്ളിൽ പാസ്‌പോർട്ട് ലഭിക്കുന്നുണ്ട്. പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലെ അപേക്ഷകർക്ക് 45 മിനിറ്റിൽ താഴെ മാത്രമേ ചെലവഴിക്കേണ്ടി വരുന്നുള്ളൂ എന്നത് സാങ്കേതിക വിദ്യയുടെ വലിയ നേട്ടമാണ്.
കൂടാതെ, രാജ്യത്തുടനീളം ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോർട്ടുകൾ വിതരണം ചെയ്യും. ബയോമെട്രിക് വിവരങ്ങൾ അടങ്ങിയ ഈ ഇ-പാസ്‌പോർട്ടുകൾ സുരക്ഷ വർധിപ്പിക്കാനും തട്ടിപ്പുകൾ തടയാനും സഹായിക്കും. 2027-ഓടെ രാജ്യത്തെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങൾ ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ആഗോള യാത്രകളെ കണക്കിലെടുത്ത് വിസ രഹിത പ്രവേശനവും ഇ-വിസ സൗകര്യങ്ങളും കൂടുതൽ രാജ്യങ്ങളിൽ ലഭ്യമാക്കാൻ കേന്ദ്രം നടപടികൾ സ്വീകരിക്കുന്നുണ്ട്.
Story Summary
The Ministry of External Affairs has clarified that an Indian passport serves primarily as a travel document rather than definitive proof of citizenship. Alongside this, the government highlighted major upgrades in passport services, including the introduction of secure e-passports and a massive expansion of service centers to improve accessibility for all citizens.

