ന്യൂഡൽഹി: മുതിർന്ന നേതാവ് രാഘവ് ഛദ്ദ ഉൾപ്പെടെ ഏഴ് എംപിമാർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നാലെ ബിജെപിക്കെതിരെ കടുത്ത വിമർശനവുമായി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ (AAP MPs Join BJP). പഞ്ചാബിലെ ജനങ്ങൾ നൽകിയ ജനവിധിയെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
പഞ്ചാബിലെ ജനങ്ങൾ സ്നേഹത്തോടെയും വിശ്വാസത്തോടെയും തിരഞ്ഞെടുത്ത ജനപ്രതിനിധികളെ വിലയ്ക്കെടുക്കുന്നതിലൂടെ ബിജെപി അവിടുത്തെ ജനങ്ങളെയാണ് അധിക്ഷേപിക്കുന്നതെന്ന് കെജ്‌രിവാൾ പറഞ്ഞു. ഇത് പഞ്ചാബികളോടുള്ള ബിജെപിയുടെ വിരോധമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.
രാഘവ് ഛദ്ദ പാർട്ടി വിട്ടത് പഞ്ചാബ് ഘടകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ആം ആദ്മി പാർട്ടിയെ പിളർത്താനുള്ള ബിജെപിയുടെ ആയുധമായി ഛദ്ദ മാറിയെന്നും പാർട്ടി നേതൃത്വത്തെയും ജനങ്ങളെയും അദ്ദേഹം വഞ്ചിച്ചുവെന്നും എഎപി പഞ്ചാബ് ഘടകം ആരോപിച്ചു. രാജ്യസഭയിൽ ആപ്പിന്റെ കരുത്ത് ചോർത്താനും അതുവഴി ഡൽഹിയിലെയും പഞ്ചാബിലെയും ഭരണത്തെ അസ്ഥിരപ്പെടുത്താനുമാണ് ബിജെപിയുടെ നീക്കമെന്ന് പാർട്ടി നേതൃത്വം വിശ്വസിക്കുന്നു.
രാഘവ് ഛദ്ദയ്ക്ക് പുറമേ സന്ദീപ് പഥക്, അശോക് മിത്തൽ തുടങ്ങിയ പ്രമുഖ നേതാക്കളും ബിജെപിയിൽ ചേർന്നത് ആപ്പിനെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പഞ്ചാബിൽ നിന്നുള്ള നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിട്ടത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ പാർട്ടിയെ ബാധിച്ചേക്കാം. എന്നാൽ ഇത്തരം ഭീഷണികൾക്ക് മുന്നിൽ പാർട്ടി തളരില്ലെന്നും ജനങ്ങൾ ബിജെപിക്ക് തക്കതായ മറുപടി നൽകുമെന്നും എഎപി നേതൃത്വം വ്യക്തമാക്കി.
Story Summary: AAP chief Arvind Kejriwal slammed the BJP for poaching seven MPs, including Raghav Chadha, Sandeep Pathak, and Ashok Mittal. Kejriwal accused the BJP of disrespecting the mandate of Punjab’s voters, while the AAP’s Punjab unit termed Chadha’s defection as a betrayal to the party and the state’s people.

