മലപ്പുറം: കോൺഗ്രസിനുള്ളിൽ ഉടലെടുത്ത മുഖ്യമന്ത്രി തർക്കത്തിൽ മെയ് നാലിന് ഹൈക്കമാൻഡിൽ നിന്ന് ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കേരളം പ്രതീക്ഷിക്കുന്ന തരത്തിലുള്ള മികച്ച തീരുമാനം കേന്ദ്ര നേതൃത്വം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.(Appropriate decision will be made on May 4, Panakkad Sayyid Sadiq Ali Shihab Thangal on the CM dispute in Congress)
അതേസമയം, കോൺഗ്രസ് നേതാക്കൾ നടത്തുന്ന പരസ്യമായ അവകാശവാദങ്ങൾക്കെതിരെ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി യോഗത്തിൽ രൂക്ഷവിമർശനം ഉയർന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരത്തിൽ വരുന്നതിന് മുൻപേ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസ് നേതാക്കൾ നടത്തുന്ന പോര് അനവസരത്തിലുള്ളതാണെന്ന് ലീഗ് വിലയിരുത്തി.
മുന്നണിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയെന്ന നിലയിൽ മുസ്ലിം ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അർഹതയുണ്ടെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. എന്നാൽ ചർച്ചകൾ നടത്തി സാമൂഹിക അന്തരീക്ഷം മലിനമാക്കിയല്ല അത് നേടിയെടുക്കേണ്ടതെന്നും കോൺഗ്രസാണ് അത് നൽകേണ്ടതെന്നും നേതാക്കൾ വ്യക്തമാക്കി. ആരാകണം മുഖ്യമന്ത്രി എന്ന കാര്യത്തിൽ ലീഗിന് കൃത്യമായ അഭിപ്രായമുണ്ട്. എങ്കിലും കോൺഗ്രസ് ഹൈക്കമാൻഡ് കൈക്കൊള്ളുന്ന അന്തിമ തീരുമാനത്തെ ലീഗ് പിന്തുണയ്ക്കുമെന്ന് യോഗം അറിയിച്ചു.

