Description
Digital Voice of Kerala
Thursday, April 23, 2026

Digital Voice of Kerala
HomeKeralaകേരളം ചുട്ടുപൊള്ളുന്നു; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി; സുരക്ഷാ നിർദേശങ്ങൾ കർശനമായി...

കേരളം ചുട്ടുപൊള്ളുന്നു; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി; സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണം | Kerala Heatwave 2026

🎙️ Latest Podcast

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് (Kerala Heatwave 2026) ഉയർന്ന പശ്ചാത്തലത്തിൽ, പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർദ്ധിച്ചുവരുന്ന ചൂട് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ജീവാപായത്തിനും വരെ കാരണമായേക്കാമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകി.

മുഖ്യമന്ത്രിയുടെ പ്രധാന നിർദേശങ്ങൾ:

ജലപാനം: ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. നിർജ്ജലീകരണം തടയാൻ ഒആർഎസ് ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കാം.
പുറത്തിറങ്ങുമ്പോൾ: പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം. ഈ സമയത്ത് കഠിനമായ ജോലികളിൽ ഏർപ്പെടരുത്.
വസ്ത്രധാരണം: അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം.
കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക ശ്രദ്ധ: കുട്ടികളെയും പ്രായമായവരെയും അസുഖബാധിതരെയും വെയിൽ ഏൽക്കാതെ സംരക്ഷിക്കണം. സ്കൂൾ കുട്ടികളുടെ കാര്യത്തിൽ അധ്യാപകരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ ചെലുത്തണം.
വാഹനങ്ങൾ: നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ കുട്ടികളെയും വളർത്തുമൃഗങ്ങളെയും തനിച്ച് ഇരുത്തി പോകരുത്.

സൂര്യാഘാതം, സൂര്യാതപം തുടങ്ങിയവ ഒഴിവാക്കാൻ ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും നൽകുന്ന നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. അടുത്ത ഏതാനും ദിവസങ്ങളിൽ കൂടി സംസ്ഥാനത്ത് ചൂട് ഉയർന്ന നിലയിൽ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

മുഖ്യമന്ത്രിയുടെ ഫെയസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്ന പശ്ചാത്തലത്തിൽ പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി ഉഷ്‌ണതരംഗ (Heatwave) മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലായതിനാൽ മറ്റ് ജില്ലകളിലും അനുഭവപ്പെടുന്ന ചൂട് വളരെ കൂടുതലാണ്. ഈ സാഹചര്യത്തിൽ നാമെല്ലാവരും അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. ചൂട് വർദ്ധിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ജീവാപായത്തിനും വരെ കാരണമായേക്കാം. അതിനാൽ താഴെ പറയുന്ന സുരക്ഷാ നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം.

പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്: ഈ സമയത്ത് നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കുക. കോവിഡ് കാലത്തെപ്പോലെ ഇതൊരു ‘സെൽഫ് ലോക്ക്ഡൗൺ’ സമയമായി കണ്ട് അനാവശ്യ യാത്രകളും പുറംപണികളും ഒഴിവാക്കാൻ ശ്രദ്ധിക്കണം. വീടിനകത്തും തൊഴിലിടങ്ങളിലും നല്ല വായുസഞ്ചാരം ഉറപ്പാക്കണം.

വെള്ളവും ഭക്ഷണവും: ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കുക. നിർജ്ജലീകരണം ഉണ്ടാക്കുന്ന പാനീയങ്ങൾ ഒഴിവാക്കാം. പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.

വസ്ത്രധാരണം: ഇളം നിറത്തിലുള്ള, അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ കുട, പാദരക്ഷകൾ, സൺഗ്ലാസ് എന്നിവ നിർബന്ധമായും ഉപയോഗിക്കുക.

പ്രത്യേക ശ്രദ്ധ വേണ്ടവർ: പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, ഹൃദ്രോഗം, പ്രമേഹം, കാൻസർ, ചർമരോഗങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുള്ളവരും ആൽബനിസം ബാധിച്ചവരും ഈ സമയങ്ങളിൽ പുറത്തിറങ്ങുന്നത് പൂർണ്ണമായും ഒഴിവാക്കുക.

പൊതുപരിപാടികൾക്ക് നിയന്ത്രണം: പകൽ 11 മുതൽ 3 വരെ തുറസ്സായ സ്ഥലങ്ങളിലെ പൊതുയോഗങ്ങൾ, കലാകായിക പരിപാടികൾ എന്നിവ പാടില്ല. ഉത്സവങ്ങളിലെ പകൽപ്പൂരങ്ങൾ, ആന എഴുന്നള്ളിപ്പ്, വെടിക്കെട്ട് എന്നിവ ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ വേണം. തീപിടുത്ത സാധ്യതകൾക്കെതിരെ കനത്ത കരുതൽ വേണം.

മിണ്ടാപ്രാണികളെ മറക്കരുത്: വളർത്തുമൃഗങ്ങൾക്കും തെരുവിലെ മൃഗങ്ങൾക്കും കുടിവെള്ളവും തണലും ഉറപ്പാക്കണം. പകൽ സമയത്ത് അവയെ മേയാൻ വിടരുത്. കടുത്ത ചൂടിൽ മൃഗങ്ങൾക്ക് അസ്വസ്ഥതയുണ്ടാകുമെന്നതിനാൽ വന്യജീവികളുടെയും തെരുവുനായ്ക്കളുടെയും ആക്രമണ സാധ്യതകൾക്കെതിരെയും ജാഗ്രത വേണം.

സർക്കാർ സംവിധാനങ്ങൾ സജ്ജം: പകൽ സമയത്തെ പുറംപണികൾ ഒഴിവാക്കുന്നതിനായി തൊഴിൽ വകുപ്പ് ജോലി സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. ഇത് കർശനമായി പാലിക്കണം. പകൽ സമയത്തെ തൊഴിലുറപ്പ് ജോലികൾ പൂർണ്ണമായും നിർത്തിവെക്കാൻ നിർദേശം നൽകി. ട്രാഫിക് പോലീസുകാർക്ക് കുടിവെള്ളവും തണലും ഉറപ്പാക്കാനും യൂണിഫോമിൽ ഇളവ് നൽകാനും നിർദേശിച്ചിട്ടുണ്ട്.

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ആശുപത്രികളിലും ആംബുലൻസുകളിലും സൂര്യാഘാതം നേരിടാനുള്ള പ്രഥമശുശ്രൂഷാ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

തണ്ണീർപന്തലുകൾ ഒരുക്കാം: യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി കുടിവെള്ളവും തണലും ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങൾ, കുടുംബശ്രീ, സന്നദ്ധ സംഘടനകൾ, വ്യാപാരികൾ എന്നിവർ മുന്നോട്ട് വരണം.

ക്ഷീണമോ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളോ തോന്നിയാൽ ഉടൻ തന്നെ വൈദ്യസഹായം തേടണം. മറ്റൊരാൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി കണ്ടാൽ അവരെ ഉടൻ തണലിലേക്ക് മാറ്റി കിടത്തുകയും ശരീരം തണുപ്പിക്കാൻ ശ്രമിക്കുകയും വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യുക.

പ്രതിസന്ധികളെ നാം ഒറ്റക്കെട്ടായാണ് നേരിട്ടു ശീലിച്ചത്. പരസ്പര സഹകരണത്തോടെ ഈ കടുത്ത വേനലിനെയും നമുക്ക് ഒരുമിച്ച് മറികടക്കാം.

Story Summary: Chief Minister Pinarayi Vijayan has issued a high-level warning as temperatures in Kerala crossed the 40°C mark. He urged the public to follow safety guidelines to prevent heatstroke and dehydration, emphasizing the need to stay indoors during peak sun hours.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.