തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തം നടന്ന സ്ഥലത്ത് പോലീസിന്റെ അതീവ ജാഗ്രതയോടെയുള്ള പരിശോധന തുടരുന്നു. വെടിക്കെട്ട് പുരയ്ക്ക് ചുറ്റുമുള്ള വയലുകളിൽ ഓരോ കൈ അകലത്തിൽ പോലീസ് നിരനിരയായി നിന്നാണ് പരിശോധന നടത്തുന്നത്. അപകടസ്ഥലത്തുനിന്ന് അസ്വാഭാവികമായി കാണുന്ന എന്തിനെയും കണ്ടെത്തി തെളിവായി ശേഖരിക്കുകയാണ് ലക്ഷ്യം.(Mundathikode tragedy, Police conduct ‘mass search’ at accident site; investigation continues)
ഐസിയുവിൽ കഴിയുന്ന നാല് പേരിൽ ഒരാളുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. പരിക്കേറ്റ വിഷ്ണുവിന്റെ ആരോഗ്യനിലയിലാണ് പുരോഗതിയുള്ളത്. ബേൺസ് ഐസിയുവിൽ കഴിയുന്ന വെടിക്കെട്ട് കരാറുകാരൻ മുണ്ടത്തിക്കോട് സതീഷ് ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. സതീഷിനെ ഇതുവരെ ഡയാലിസിസിന് വിധേയനാക്കാൻ സാധിച്ചിട്ടില്ല. എന്നാൽ പരിക്കേറ്റ മറ്റ് രണ്ട് പേരെ ഡയാലിസിസിന് വിധേയമാക്കി. നിലവിൽ 11 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.
നാല് പേരെ കാണാനില്ലെന്നാണ് നിലവിൽ ലഭിച്ചിരിക്കുന്ന പരാതി. മൃതദേഹങ്ങൾ പലതും ചിന്നിച്ചിതറിയ നിലയിലായതിനാൽ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന അത്യാവശ്യമാണ്. പരിശോധനാ ഫലങ്ങൾ നാളെയും മറ്റന്നാളുമായി ലഭിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ കണ്ടെത്തിയ ശരീരഭാഗങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.
അപകടത്തിൽ കാണാതായ ഗിരീഷിന്റെ അമ്മ പള്ളത്ത് കരുമാലി വീട്ടിൽ ഗൗരി (74) മരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഇവർ അപകടത്തിന്റെ തലേദിവസമാണ് ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയത്. അപകടത്തിന് ശേഷം മകൻ ഗിരീഷിനെ കാണാതായതിലുള്ള കടുത്ത മാനസിക വിഷമത്തിലായിരുന്നു ഗൗരി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും. സ്ഫോടനത്തിന്റെ തീവ്രതയും ദുരന്തം വിതച്ച ആഘാതവും ഇനിയും വിട്ടുമാറാത്ത അവസ്ഥയിലാണ് മുണ്ടത്തിക്കോട് പ്രദേശം.

