Description
Digital Voice of Kerala
Thursday, April 23, 2026

Digital Voice of Kerala
HomeKeralaമുണ്ടത്തിക്കോട് ദുരന്തം: ആശ്വാസമായി ഗുരുതരാവസ്ഥയിലുള്ള ഒരാളുടെ നിലയിൽ പുരോഗതി; ശരീരഭാഗങ്ങളുടെ DNA...

മുണ്ടത്തിക്കോട് ദുരന്തം: ആശ്വാസമായി ഗുരുതരാവസ്ഥയിലുള്ള ഒരാളുടെ നിലയിൽ പുരോഗതി; ശരീരഭാഗങ്ങളുടെ DNA പരിശോധന ഇന്ന്, നിർണ്ണായക യോഗം ഉടൻ | Mundathikode tragedy

🎙️ Latest Podcast

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ ഒരാളുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ഐസിയുവിൽ കഴിയുന്ന വിഷ്ണുവിന്റെ നിലയിലാണ് പുരോഗതിയുള്ളതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നിലവിൽ 11 പേരാണ് വിവിധ വാർഡുകളിലായി ചികിത്സയിലുള്ളത്.(Mundathikode tragedy, Progress in the condition of one in critical condition)

തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് കരാറുകാരൻ മുണ്ടത്തിക്കോട് സതീഷിന്റെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. ഇദ്ദേഹത്തെ ഇതുവരെ ഡയാലിസിസിന് വിധേയമാക്കാൻ സാധിച്ചിട്ടില്ല. പരിക്കേറ്റ മറ്റ് രണ്ട് പേരെ ഡയാലിസിസിന് വിധേയമാക്കി. വിദഗ്ധ ഡോക്ടർമാരുടെ പ്രത്യേക സംഘം ഇവരുടെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണ്.

അപകടസ്ഥലത്തുനിന്ന് ലഭിച്ച ശരീരഭാഗങ്ങൾ ആരുടേതാണെന്ന് ഉറപ്പുവരുത്താനുള്ള നടപടികൾ ഇന്ന് ഊർജ്ജിതമാക്കും. പാടശേഖരത്തിൽ നിന്ന് ഇന്നലെ കണ്ടെടുത്ത ശരീരഭാഗങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. തിരിച്ചറിയാനാകാത്ത വിധത്തിലുള്ള ശരീരഭാഗങ്ങളുടെ ഡിഎൻഎ സാമ്പിളുകൾ ഇന്ന് ശേഖരിക്കും. നിലവിൽ നാല് പേരെ കാണാനില്ലെന്ന പരാതിയാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. അപകടത്തിൽ കാണാതായ ഗിരീഷിന്റെ അമ്മ ഗൗരിയുടെ മരണം നാടിനെ വീണ്ടും ദുഃഖത്തിലാഴ്ത്തി. ഇന്ന് വൈകിട്ട് 3 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ സംസ്കാരം നടക്കും.

അതേസമയം, സ്‌ഫോടനത്തിന്റെ ആഘാതത്തിൽ പരിസരപ്രദേശങ്ങളിലെ ജനവാസ മേഖലയ്ക്കും കനത്ത നാശനഷ്ടം. അപകടസ്ഥലത്തിന് അരക്കിലോമീറ്റർ ചുറ്റളവിലുള്ള അൻപതോളം വീടുകൾ തകർന്ന നിലയിലാണ്. സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ വീടുകളുടെ ജനൽചില്ലുകൾ തകരുകയും, അടച്ചിട്ടിരുന്ന വാതിലുകൾ തെറിച്ചുപോവുകയും ചെയ്തിട്ടുണ്ട്. പല വീടുകളുടെയും ചുമരുകൾക്ക് വിള്ളലുകൾ വീഴുകയും മേൽക്കൂരയിലെ ഓടുകൾ തകർന്നു വീഴുകയും ചെയ്തു. ഒരു കിലോമീറ്റർ അകലെയുള്ള വീടുകൾക്ക് പോലും കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ.

വെടിക്കെട്ടുപുരയിൽ നിരോധിത സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താൻ ഫോറൻസിക് സംഘം സാമ്പിളുകൾ ശേഖരിച്ചു വരികയാണ്. ബാക്കിയുള്ള സ്ഫോടകശേഖരം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷം കെഡാവർ നായകളെ ഉപയോഗിച്ച് വീണ്ടും തിരച്ചിൽ നടത്തും. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തൃശൂർ പൂരത്തിന് വെടിക്കെട്ട് വേണ്ടെന്ന് ഏകദേശ ധാരണയായി. പൂരം പൂർണ്ണമായും ഒഴിവാക്കാതെ ആചാരപരമായ ചടങ്ങുകൾ മാത്രമായി നടത്താനാണ് ദേവസ്വങ്ങളുടെ തീരുമാനം. ഇന്ന് നടക്കുന്ന ഉന്നതതല യോഗത്തിൽ ദേവസ്വങ്ങൾ ഈ നിലപാട് ഔദ്യോഗികമായി മന്ത്രിമാരെയും ജില്ലാ ഭരണകൂടത്തെയും അറിയിക്കും. ആചാരപരമായ വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താനാണ് ഇരു വിഭാഗങ്ങളുടെയും ആലോചന.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.