മടിക്കേരി: കർണാടകയിലെ കുടഗിൽ അമേരിക്കൻ സ്വദേശിനിയായ വിനോദസഞ്ചാരി ക്രൂരമായ പീഡനത്തിനിരയായി. വാഷിംഗ്ടൺ സ്വദേശിനിയായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഹോംസ്റ്റേ ജീവനക്കാരനെയും ഉടമയെയും പോലീസ് അറസ്റ്റ് ചെയ്തു.(US woman raped in Karnataka, Homestay owner and employee arrested)
ഹോംസ്റ്റേയിൽ വെച്ച് ജാർഖണ്ഡ് സ്വദേശിയായ ജീവനക്കാരൻ യുവതിയെ മുറിക്കുള്ളിൽ കയറി ഉപദ്രവിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിവരം അറിഞ്ഞ ഹോംസ്റ്റേ ഉടമ യുവതിയെ സഹായിക്കുന്നതിന് പകരം ഭീഷണിപ്പെടുത്തി മൂന്ന് ദിവസം മുറിക്കുള്ളിൽ പൂട്ടിയിട്ടു. യുവതിയുടെ മൊബൈൽ ഫോൺ പിടിച്ചുവെക്കുകയും പരാതി നൽകിയാൽ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പോലീസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഏകദേശം ഒരാഴ്ച മുമ്പാണ് സംഭവം നടന്നത്. തടങ്കലിൽ നിന്ന് മോചിതയായ യുവതി മൈസൂരുവിലെത്തുകയും അവിടെ വെച്ച് അമേരിക്കൻ എംബസിയുമായി ബന്ധപ്പെടുകയുമായിരുന്നു. യുഎസ് എംബസി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കർണാടക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹോംസ്റ്റേ ഉടമയെയും മുഖ്യപ്രതിയായ ജാർഖണ്ഡ് സ്വദേശിയെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി മെയ് 3 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കുടക് പോലീസ് സൂപ്രണ്ട് സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് സ്ഥിരീകരിച്ചു.

