ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന വിധി പുനഃപരിശോധിക്കണമെന്ന ഹർജികളിൽ സുപ്രീംകോടതിയിൽ നിർണ്ണായക ഘട്ടം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒൻപതംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.(Sabarimala women’s entry, Arguments in Supreme Court to continue today)
മുതിർന്ന അഭിഭാഷകരായ ഗോപാൽ സുബ്രഹ്മണ്യം, രാജീവ് ധവാൻ, വി. ഗിരി എന്നിവരുടെ വാദങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമായും നടന്നത്. മറ്റു മുതിർന്ന അഭിഭാഷകരുടെ വാദങ്ങൾ കൂടി പൂർത്തിയായാൽ സംസ്ഥാന സർക്കാരിന് വേണ്ടി ജയ്ദീപ് ഗുപ്ത ഇന്ന് വാദം ഉന്നയിക്കും. മുൻപ് സമർപ്പിച്ച സത്യവാങ്മൂലങ്ങളിൽ നിന്ന് വ്യത്യസ്തമായി, പ്രായോഗികമായ വെല്ലുവിളികളും ആചാരപരമായ വശങ്ങളും സർക്കാർ കോടതിയെ ധരിപ്പിച്ചേക്കും.
ശബരിമലയിലെ പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്മചര്യ ഭാവം കണക്കിലെടുത്തുള്ള വിലക്ക് അനിവാര്യമായ മതാചാരമാണെന്നും, വിശ്വാസ കാര്യങ്ങളിൽ യുക്തിക്ക് സ്ഥാനമില്ലെന്നും തന്ത്രിക്കായി ഹാജരായ അഭിഭാഷകൻ വാദിച്ചു. യുവതി പ്രവേശനത്തെ അനുകൂലിച്ചോ എതിർത്തോ ഉള്ള കർക്കശ നിലപാട് ഒഴിവാക്കി, മതപണ്ഡിതരുടെയും സാമൂഹിക നേതാക്കളുടെയും അഭിപ്രായം തേടാൻ സമിതി രൂപീകരിക്കണമെന്ന നിർദ്ദേശം സർക്കാർ മുന്നോട്ടുവെച്ചിരുന്നു. ഭരണഘടനാ തത്വങ്ങൾ മാത്രം അടിസ്ഥാനമാക്കി ഒരാളുടെ വിശ്വാസത്തിൽ നിലപാടെടുക്കാനാവില്ലെന്ന് കോടതി വാദത്തിനിടെ നിരീക്ഷിച്ചു. ശബരിമല വിധിയുമായി ബന്ധപ്പെട്ട കേവലം സ്ത്രീ പ്രവേശനം മാത്രമല്ല, മറിച്ച് മതാചാരങ്ങളിൽ കോടതിക്ക് എത്രത്തോളം ഇടപെടാം എന്നതിനെക്കുറിച്ചുള്ള ഏഴ് ഭരണഘടനാ ചോദ്യങ്ങളാണ് ബെഞ്ച് പരിശോധിക്കുന്നത്.

