മോസ്കോ: ഗൾഫ് മേഖലയിൽ അമേരിക്കയും ഇറാനും തമ്മിൽ വർദ്ധിച്ചുവരുന്ന സംഘർഷാവസ്ഥയിൽ റഷ്യ ആശങ്ക രേഖപ്പെടുത്തി (Russia on Gulf Crisis). മേഖലയിലെ സൈനിക ഏറ്റുമുട്ടലുകൾ ആഗോള സമ്പദ്‌വ്യവസ്ഥയെയും ഊർജ്ജ വിതരണത്തെയും തകർക്കുമെന്നും നയതന്ത്ര ചർച്ചകളിലൂടെ മാത്രമേ പ്രശ്നപരിഹാരം സാധ്യമാകൂ എന്നും റഷ്യൻ ഭരണകൂടം വ്യക്തമാക്കി.
ഗൾഫിലെ സ്ഥിതിഗതികൾ പ്രവചനാതീതമാണെന്നും ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. നയതന്ത്ര ചാനലുകൾ വഴി സമാധാനപരമായ പരിഹാരം കണ്ടെത്താൻ മോസ്കോ ഏതൊരു സഹായത്തിനും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേഖലയിലെ അസ്ഥിരത രാജ്യാന്തര എണ്ണ വിപണിയെയും ചരക്ക് നീക്കത്തെയും ബാധിക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി. സമാധാനം ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹം ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധം അവസാനിപ്പിച്ചാൽ മാത്രമേ രണ്ടാം ഘട്ട ചർച്ചകൾക്കുള്ളൂ എന്ന ഉറച്ച നിലപാടിലാണ് ഇറാൻ. ഇതിനിടെ, ചരക്കുകപ്പൽ പിടിച്ചെടുത്ത അമേരിക്കൻ നടപടിക്ക് ഉടൻ തിരിച്ചടിയുണ്ടാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. നിലവിലെ വെടിനിർത്തൽ കരാർ മറ്റന്നാൾ അവസാനിക്കാനിരിക്കെയാണിത്.
ഇസ്‌ലാമാബാദ് ചർച്ചയിൽ നിന്ന് ഇറാൻ വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ പാകിസ്ഥാൻ, സൗദി അറേബ്യ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങൾ പ്രശ്നപരിഹാരത്തിനായി നയതന്ത്ര ശ്രമങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഉപരോധം പിൻവലിക്കുന്നത് പരിഗണിച്ചേക്കാമെന്ന് യു.എസ് പ്രസിഡന്റ് ട്രംപ് സൂചിപ്പിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
Story Summary: Russia has expressed deep concern over the escalating tensions in the Gulf region, urging both the US and Iran to avoid military conflict. While the Kremlin emphasized that stability is vital for the global economy and energy supply, Iran remains firm on its demand to lift the naval blockade before proceeding with the second round of peace talks.

