ചെന്നൈ: ബിജെപിക്കെതിരെ ശക്തമായ നിലപാടുള്ള സംസ്ഥാനമാണ് തമിഴ്നാടെന്നും തനിക്ക് ഈ മണ്ണുമായി രാഷ്ട്രീയത്തിന് അപ്പുറമുള്ള ഹൃദയബന്ധമാണുള്ളതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ദിരാഗാന്ധിക്കും രാജീവ് ഗാന്ധിക്കും തമിഴ് ജനത നൽകിയ അതേ സ്നേഹമാണ് തനിക്കും ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(Special relationship with Tamil Nadu, says Rahul Gandhi)
രാജ്യം വെറുപ്പിനെ പ്രോത്സാഹിപ്പിക്കില്ലെന്നും സ്നേഹമാണ് രാജ്യത്തിന്റെ അടിസ്ഥാനമെന്നും രാഹുൽ പറഞ്ഞു. ദേശീയ തലത്തിൽ ബിജെപിയുടെയും കോൺഗ്രസിന്റെയും ആശയങ്ങൾ തമ്മിലാണ് പോരാട്ടം. കോൺഗ്രസ് ആശയങ്ങൾ വിജയിക്കുമെന്ന് ബിജെപിക്ക് അറിയാവുന്നത് കൊണ്ടാണ് പ്രധാനമന്ത്രിക്ക് ഉറക്കം നഷ്ടപ്പെടുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
വനിതാ ബില്ലിന് പിന്നിൽ ബിജെപിക്ക് കൃത്യമായ അജണ്ടയുണ്ടായിരുന്നു. മണ്ഡല പുനർനിർണ്ണയത്തിലൂടെ തെക്കൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കാനാണ് അവർ ശ്രമിച്ചത്. ഇത് ‘രാജ്യവിരുദ്ധ പ്രവർത്തന’മാണെന്നും അതുകൊണ്ടാണ് പാർലമെന്റിൽ തങ്ങൾ ഇതിനെ എതിർത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ഭാഷ, ഒരു സംസ്കാരം എന്ന ബിജെപി നയത്തെ രാഹുൽ രൂക്ഷമായി വിമർശിച്ചു. ഓരോ ഭാഷയും ചരിത്രത്തിന്റെ നിധിയാണ്. തമിഴ്നാട് ഭരിക്കേണ്ടത് തമിഴർ തന്നെയാകണം. ഡൽഹിയിൽ ഇരുന്ന് തമിഴ്നാടിനെ നിയന്ത്രിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇതിന് മണിപ്പൂർ ഒരു ഉദാഹരണമാണെന്നും ബിജെപി മണിപ്പൂരിനെ നശിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
തമിഴ്നാട്ടിലെ ഒരു പ്രധാന പാർട്ടിയെ ബിജെപി കൈപ്പിടിയിലൊതുക്കി. ട്രംപ് മോദിയെ ഭീഷണിപ്പെടുത്തിയത് പോലെ, മോദി എടപ്പാടി പളനിസ്വാമിയെ ഭയപ്പെടുത്തി വരുതിയിലാക്കി. ദ്രാവിഡ സിദ്ധാന്തത്തെ ആർഎസ്എസ് വെറുക്കുന്നുവെന്നും വീര തമിഴർ ആർഎസ്എസിന് മുന്നിൽ കീഴടങ്ങില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് എഐഎഡിഎംകെയെ അവർ ഭീഷണിപ്പെടുത്തിയതെന്നും രാഹുൽ കുറ്റപ്പെടുത്തി. ഭാരത് ജോഡോ യാത്ര കന്യാകുമാരിയിൽ നിന്ന് ആരംഭിച്ചത് തമിഴ്നാടിന്റെ പ്രാധാന്യം കണക്കിലെടുത്താണെന്നും സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ തമിഴ് രാഷ്ട്രീയത്തെ ഡിഎംകെയും എം.കെ. സ്റ്റാലിനും കൃത്യമായി ഉയർത്തിപ്പിടിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

