ന്യൂഡൽഹി: ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചതിന് പിന്നാലെ രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിവെയ്പ്പുണ്ടായ സംഭവത്തിൽ അതീവ ജാഗ്രതയോടെ നീങ്ങാൻ ഇന്ത്യ. ഇറാനുമായി ഉടൻ പൂർണ്ണമായ അകൽച്ച വേണ്ടെന്ന നിലപാടിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. സംഭവത്തെക്കുറിച്ച് പരിശോധിക്കാമെന്ന് ഇറാൻ അധികൃതർ ഇന്ത്യയെ അറിയിച്ചിട്ടുണ്ട്.(Indian ship passes through Hormuz despite firing on 2 ships, Iran to inspect )
ഹോർമുസ് കടലിടുക്ക് ഉപാധികളില്ലാതെ തുറക്കണമെന്ന ഇന്ത്യൻ നിലപാടിനെ പിന്തുണച്ച് യുഎഇ രംഗത്തെത്തി. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കണമെങ്കിൽ ഇറാന്റെ ആണവ-മിസൈൽ പദ്ധതികളിൽ വ്യക്തമായ തീരുമാനം അനിവാര്യമാണെന്ന് യുഎഇ വ്യക്തമാക്കി.
അതേസമയം, സംഘർഷത്തിനിടയിലും ‘ദേശ് ഗരിമ’ എന്ന ഇന്ത്യൻ കപ്പൽ സുരക്ഷിതമായി കടലിടുക്ക് കടന്നു. ഇന്ത്യയുമായുള്ള ബന്ധം ശക്തമാണെന്നും പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ഇറാൻ പറയുമ്പോഴും, തങ്ങൾക്കെതിരെയുള്ള യുഎസ് ഉപരോധം അവസാനിക്കാതെ കപ്പലുകൾ കടത്തിവിടില്ലെന്ന കർക്കശ നിലപാടിലാണ് ഇറാൻ സൈന്യം. ഒമാൻ തീരത്ത് നിന്ന് 25, 20, 3 നോട്ടിക്കൽ മൈൽ അകലെയുള്ള വിവിധ പോയിന്റുകളിലാണ് ആക്രമണം നടന്നത്. ഒരു കണ്ടെയ്നർ കപ്പലിനും ഒരു ടാങ്കറിനുമാണ് വെടിയേറ്റത്. കണ്ടെയ്നറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മൂന്ന് ആക്രമണങ്ങൾ നടന്നതായി സ്ഥിരീകരിച്ചു. 20 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി വരികയായിരുന്ന സൂപ്പർ ടാങ്കറും ‘ഭാഗ്യലക്ഷ്മി’ ഉൾപ്പെടെയുള്ള ഇന്ത്യൻ കപ്പലുകളും ഇറാൻ തിരിച്ചുവിട്ടതായി റിപ്പോർട്ടുകളുണ്ട്.

