കണ്ണൂർ: ഓൺലൈൻ വായ്പാ ആപ്പ് വഴി വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഉത്തർപ്രദേശ്, ഹരിയാന സ്വദേശികളെ കോടതി റിമാൻഡ് ചെയ്തു. കണ്ണൂർ സൈബർ പോലീസ് സംഘം നോയിഡയിൽ വെച്ചാണ് ഇവരെ പിടികൂടിയത്.(Nitin Raj’s death, 3 members of the loan app gang remanded)
ഋഷികേഷ് തിവാരി, പ്രശാന്ത് ഖേവൽ, പ്രകാശ് ജയ് എന്നിവരാണ് റിമാൻഡിലായത്. ‘ഇൻസ്റ്റന്റ് ഫണ്ട്‌സ്’ എന്ന ലോൺ ആപ്പിന്റെ നടത്തിപ്പുകാരാണ് പിടിയിലായവർ. ഇവരുടെ പക്കൽ നിന്ന് നിരവധി സിം കാർഡുകളും മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. നിതിൻ രാജ് ഈ ആപ്പിൽ നിന്ന് വായ്പ എടുത്തിരുന്നതായും, തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് പ്രതികൾ നിതിനെ നിരന്തരമായി ഫോണിലൂടെയും സോഷ്യൽ മീഡിയ വഴിയും ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് കണ്ടെത്തി. നിതിന്റെ ഫോണിലെ ചാറ്റുകൾ പരിശോധിച്ചപ്പോഴാണ് ഈ സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ കോളേജിലെ അധ്യാപകരുടെ പീഡനത്തിനൊപ്പം ഓൺലൈൻ മാഫിയയുടെ ഭീഷണിയും ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ്. നോയിഡയിൽ നിന്നാണ് പ്രതികളെ വലയിലാക്കിയത്.

