നേയ്പിഡോ: മ്യാൻമറിൽ പുതുവർഷാഘോഷങ്ങളോടനുബന്ധിച്ച് നാലായിരത്തിലധികം തടവുകാർക്ക് ഭരണകൂടം പൊതുമാപ്പ് പ്രഖ്യാപിച്ചു ( Myanmar Prisoner Amnesty). ഈ മാസം പ്രസിഡന്റായി അധികാരമേറ്റ സൈനിക മേധാവി മിൻ ഓങ് ഹ്‌ളെയിങ്ങിന്റെ ആദ്യത്തെ പ്രധാന ഔദ്യോഗിക നടപടികളിലൊന്നാണിത്.
2021-ലെ സൈനിക അട്ടിമറിയെത്തുടർന്ന് തടവിലാക്കപ്പെട്ട മുൻ പ്രസിഡന്റ് വിൻ മയിന്റിന് പൂർണ്ണ പൊതുമാപ്പ് നൽകി. ഇദ്ദേഹത്തിന് ഇനി സ്വതന്ത്രനായി പുറത്തിറങ്ങാം. ജയിലിൽ കഴിയുന്ന മുൻ ഭരണാധികാരിയും നോബൽ സമ്മാന ജേതാവുമായ ആങ് സാൻ സൂചിയുടെ ശിക്ഷാ കാലാവധിയിൽ ആറിലൊന്ന് ഇളവ് നൽകി. നിലവിൽ 27 വർഷത്തെ തടവ് ശിക്ഷയാണ് അവർ അനുഭവിക്കുന്നത്. എന്നാൽ അവരെ വീട്ടുതടങ്കലിലേക്ക് മാറ്റുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ആകെ 4,335 തടവുകാർക്കാണ് ഇളവ് ലഭിച്ചത്. ഇതിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചു. ജയിലിൽ കഴിയുന്ന 179 വിദേശ പൗരന്മാരെ മോചിപ്പിക്കുകയും അവരെ നാടുകടത്തുകയും ചെയ്യും.
അട്ടിമറിക്ക് ശേഷം മുപ്പതിനായിരത്തിലധികം പേരെ രാഷ്ട്രീയ കാരണങ്ങളാൽ മ്യാൻമർ തടവിലാക്കിയിട്ടുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ കണക്ക്. മുൻപ് നടന്ന പൊതുമാപ്പുകളിൽ വളരെ കുറഞ്ഞ ശതമാനം രാഷ്ട്രീയ തടവുകാരെ മാത്രമാണ് മോചിപ്പിച്ചിരുന്നത്. മ്യാൻമർ ജനാധിപത്യ പാതയിലേക്ക് തിരിച്ചുവന്നുവെന്നും മികച്ച ഭാവിയിലേക്കാണ് രാജ്യം നീങ്ങുന്നതെന്നും അധികാരമേറ്റ ശേഷം മിൻ ഓങ് ഹ്‌ളെയിങ്ങ് അവകാശപ്പെട്ടിരുന്നു. എങ്കിലും രാഷ്ട്രീയ തടവുകാരെ നിരുപാധികം വിട്ടയയ്ക്കണമെന്ന രാജ്യാന്തര സമ്മർദ്ദം മ്യാൻമറിന് മേൽ ശക്തമായി തുടരുകയാണ്.
Summary: Myanmar’s junta leader-turned-president Min Aung Hlaing has granted amnesty to over 4,000 prisoners, including former president Win Myint. While Win Myint was fully pardoned, the sentence of jailed leader Aung San Suu Kyi was reduced by one-sixth. The move, marking the Myanmar New Year, also commuted all death sentences to life imprisonment. Among those freed are 179 foreign nationals who will be deported. Despite the junta’s claim of returning to democracy, human rights groups continue to demand the unconditional release of over 30,000 political prisoners detained since the 2021 coup.

