കോഴിക്കോട്: യുഡിഎഫ് ക്യാമ്പിൽ ഭരണം ലഭിക്കുമെന്ന ശുഭപ്രതീക്ഷ നിലനിൽക്കെ, മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസ് നടത്തുന്ന അവകാശവാദങ്ങളിൽ മുസ്ലീം ലീഗിന് അതൃപ്തിയെന്ന് സൂചന. നേതാക്കൾ തന്നെ വിവാദങ്ങൾക്ക് തിരികൊളുത്തുന്നത് മുന്നണിക്ക് ദോഷം ചെയ്യുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്.(CM position fight in Congress, Muslim League unhappy? Agreed not to take sides)
വോട്ടെണ്ണലിന് മുൻപേ മുഖ്യമന്ത്രി പദത്തിനായി നേതാക്കളും അനുയായികളും തെരുവിൽ പോരടിക്കുന്നത് പരിഹാസ്യമാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരുടെയും പക്ഷം പിടിക്കില്ലെന്നാണ് ലീഗിലെ ധാരണ. പരസ്യ പ്രതികരണങ്ങൾ തുടർന്നാൽ ഹൈക്കമാൻഡ് നേരിട്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ടേക്കും.
വിവാദങ്ങളിൽ നിന്ന് മാറി നിൽക്കുന്ന ചെന്നിത്തല ഇന്ന് ഡൽഹിയിൽ മല്ലികാർജ്ജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. കെ.സി വരണമെന്ന കെ. സുധാകരന്റെ പ്രസ്താവന ചർച്ചയായതോടെ വേണുഗോപാൽ പക്ഷം ആത്മവിശ്വാസത്തിലാണ്. സതീശനെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള ക്യാമ്പയിനുകളാണ് നടക്കുന്നത്. സാഹചര്യം വഷളാകുന്നത് ശ്രദ്ധയിൽപ്പെട്ട കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ നേരിട്ട് ഇടപെട്ടു. മെയ് 4-ന് ഫലം വരുന്നത് വരെ ആരും പരസ്യ പ്രസ്താവനകൾ നടത്തരുതെന്ന് ഹൈക്കമാൻഡ് കർശന നിർദ്ദേശം നൽകി.

