കൊല്ലം: കരാട്ടെ പരിശീലനത്തിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട 11 വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു. വാളകം പുത്തൻവിള വീട്ടിൽ ബിനോയ്–സിമി ദമ്പതികളുടെ മകൾ അഹന്ന ബിനോയി ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ അഞ്ചലിലെ സ്വകാര്യ കരാട്ടെ പരിശീലന കേന്ദ്രത്തിലായിരുന്നു സംഭവം.(11-year-old girl collapses and dies during karate training )
മാതാവിനൊപ്പമാണ് അഹന്ന അഞ്ചലിലെ കരാട്ടെ ക്ലാസിൽ എത്തിയത്. പരിശീലനം നടന്നുകൊണ്ടിരിക്കെ പെട്ടെന്ന് കടുത്ത വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ട കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ പരിശീലകനും മാതാവും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അഞ്ചൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.അപ്രതീക്ഷിതമായി ഉണ്ടായ ഈ വേർപാടിന്റെ ഞെട്ടലിലാണ് അഹന്നയുടെ കുടുംബവും നാട്ടുകാരും.

