ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന വനിതാ സംവരണ ഭേദഗതി ബില്ലിന്മേൽ ലോക്സഭയിൽ ഇന്ന് വോട്ടെടുപ്പ് നടക്കാനിരിക്കെ, 2023-ലെ വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്ര നിയമ മന്ത്രാലയം അസാധാരണ വിജ്ഞാപനം പുറത്തിറക്കി. 2026 ഏപ്രിൽ 16 മുതൽ നിയമം പ്രാബല്യത്തിൽ വന്നതായാണ് വിജ്ഞാപനത്തിൽ പറയുന്നത്. വോട്ടെടുപ്പിന് തൊട്ടുമുമ്പുള്ള ഈ നീക്കം “വിചിത്രമെന്ന്” വിശേഷിപ്പിച്ച കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഇതിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് ആരോപിച്ചു.(Women’s Reservation Act 2023 comes into force, Center issues extraordinary notification as crucial bill to be voted on today)
2023-ൽ പാർലമെന്റ് പാസാക്കിയ ഭരണഘടനാ നിയമം ഏപ്രിൽ 16 മുതൽ പ്രാബല്യത്തിൽ വന്നു. ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കുന്നതാണ് നിയമം. 2023-ൽ തന്നെ രാഷ്ട്രപതി അംഗീകാരം നൽകിയിരുന്നെങ്കിലും, ഗസറ്റ് വിജ്ഞാപനം വഴി കേന്ദ്രം നിശ്ചയിക്കുന്ന തീയതിയിൽ മാത്രമേ നിയമം നിലവിൽ വരൂ എന്ന് വ്യവസ്ഥയുണ്ടായിരുന്നു.
പുതിയ ഭേദഗതി ബില്ലിന്മേൽ സഭയിൽ ചർച്ചകൾ തുടരുന്നതിനിടയിൽ പഴയ നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നത് ആശയക്കുഴപ്പമുണ്ടാക്കാൻ വേണ്ടിയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. സംവരണം നടപ്പിലാക്കുന്നത് സെൻസസിനും മണ്ഡല പുനർനിർണ്ണയത്തിനും ശേഷമായിരിക്കുമെന്ന 2023-ലെ നിയമത്തിലെ വ്യവസ്ഥ മാറ്റണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. നിലവിലെ 543 സീറ്റുകളിൽ തന്നെ സംവരണം ഉടൻ നടപ്പിലാക്കണമെന്ന് ഇവർ വാദിക്കുന്നു. ലോക്സഭയുടെ അംഗബലം 850 ആയി വർദ്ധിപ്പിക്കാനും സംവരണത്തെ മണ്ഡല പുനർനിർണ്ണയവുമായി ബന്ധിപ്പിക്കാനുമുള്ള പുതിയ ഭേദഗതി ബില്ലിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

