പത്തനംതിട്ട: അവധിക്കാല ഉല്ലാസയാത്രകളിൽ പുതിയ റെക്കോർഡ് കുറിച്ച് കെഎസ്ആർടിസി പത്തനംതിട്ട യൂണിറ്റ്. യൂണിറ്റിലെ ബജറ്റ് ടൂറിസം സെൽ ഒരൊറ്റ ദിവസം കൊണ്ട് 2,00,200 രൂപ കളക്ഷൻ നേടിയാണ് ചരിത്രനേട്ടം കൈവരിച്ചത്.(Pathanamthitta KSRTC achieves record in tourist trip, Earns Rs 2 lakh in one day)
നാല് പ്രധാന ട്രിപ്പുകളിലൂടെയാണ് പത്തനംതിട്ട യൂണിറ്റ് ഈ നേട്ടത്തിലെത്തിയത്. രാമേശ്വരം യാത്ര, ഏപ്രിൽ 11-ന് ആരംഭിച്ച് 13-ന് തിരിച്ചെത്തിയ ട്രിപ്പ് ആണിത്. ഗുരുവായൂർ യാത്ര, ഏപ്രിൽ 12-ന് വൈകുന്നേരം പുറപ്പെട്ട് 13-ന് മടങ്ങിയെത്തിയ രണ്ട് ട്രിപ്പുകൾ ആണിവ. ഗവി യാത്ര ഏപ്രിൽ 13-ന് നടന്ന ഏകദിന യാത്ര ആണിത്.
ആകെ 133 യാത്രക്കാരാണ് ഈ നാല് ട്രിപ്പുകളിലായി പങ്കെടുത്തത്.
ഒരു വർഷത്തിനിടെ ഏറ്റവും കൂടുതൽ ട്രിപ്പുകൾ സംഘടിപ്പിച്ചതിൽ പത്തനംതിട്ട യൂണിറ്റ് സംസ്ഥാനത്ത് ഒന്നാമതെത്തി. ആകെ 697 ട്രിപ്പുകളാണ് പത്തനംതിട്ട സെൽ ഇതുവരെ നടത്തിയത്. 494 ട്രിപ്പുകളുമായി തിരുവനന്തപുരം സിറ്റി യൂണിറ്റ് രണ്ടാം സ്ഥാനത്തും, 477 ട്രിപ്പുകളുമായി കോട്ടയം മൂന്നാം സ്ഥാനത്തുമുണ്ട്. പത്തനംതിട്ട യൂണിറ്റ് ആദ്യമായി സംഘടിപ്പിക്കുന്ന ഗോവ യാത്ര മെയ് മാസത്തിൽ നടക്കും. ഇതുകൂടാതെ വേളാങ്കണ്ണി, പളനി, ഊട്ടി, തഞ്ചാവൂർ, കൊടൈക്കനാൽ തുടങ്ങിയ സ്ഥലങ്ങളിലേക്കും സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്കും അടുത്ത മാസം യാത്രകൾ ഉണ്ടാകും.

