വാഷിംഗ്ടൺ: ഉപഗ്രഹ ഇന്റർനെറ്റ് വിപണിയിൽ എലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് കടുത്ത വെല്ലുവിളിയുയർത്താൻ ആമസോൺ വരുന്നു (Amazon Globalstar Acquisition). പ്രമുഖ സാറ്റലൈറ്റ് കമ്പനിയായ ഗ്ലോബൽസ്റ്റാറിനെ 11.57 ബില്യൺ ഡോളറിന് (ഏകദേശം 96,000 കോടി രൂപ) ഏറ്റെടുക്കുമെന്ന് ആമസോൺ പ്രഖ്യാപിച്ചു. സ്പേസ് എക്സിന്റെ കുതിപ്പിനെ പ്രതിരോധിക്കാനും സ്വന്തം സാറ്റലൈറ്റ് ശൃംഖലയായ ‘പ്രോജക്റ്റ് കൈപ്പർ’ ശക്തിപ്പെടുത്താനുമാണ് ആമസോണിന്റെ ഈ നീക്കം.
സ്മാർട്ട്‌ഫോണുകളിലേക്ക് നേരിട്ട് ഉപഗ്രഹ ബന്ധം നൽകുന്ന ‘ഡയറക്റ്റ്-ടു-ഡിവൈസ്’ (D2D) സാങ്കേതികവിദ്യയിൽ മുൻപന്തിയിലുള്ള കമ്പനിയാണ് ഗ്ലോബൽസ്റ്റാർ. ഈ കരാറിലൂടെ 2028-ഓടെ ആമസോണിന് ഈ സേവനം ലഭ്യമാക്കാൻ സാധിക്കും. നിലവിൽ ആമസോണിന് സ്വന്തമായി 200 ഉപഗ്രഹങ്ങളാണുള്ളത്; ഗ്ലോബൽസ്റ്റാർ കൂടി എത്തുന്നതോടെ ശൃംഖല കൂടുതൽ വിപുലമാകും. ഐഫോണുകളിലെ എമർജൻസി എസ്.ഒ.എസ, ഫൈൻഡ് മൈ തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത് ഗ്ലോബൽസ്റ്റാറിന്റെ ഉപഗ്രഹങ്ങളാണ്. ആമസോൺ കമ്പനി ഏറ്റെടുത്താലും ആപ്പിൾ ഉപഭോക്താക്കൾക്ക് ഈ സേവനം തുടർന്നും ലഭിക്കുമെന്ന് ആമസോൺ ഉറപ്പുനൽകിയിട്ടുണ്ട്.
കരാർ വാർത്ത പുറത്തുവന്നതോടെ ഗ്ലോബൽസ്റ്റാർ ഓഹരികളിൽ 10 ശതമാനവും ആമസോൺ ഓഹരികളിൽ 3 ശതമാനവും വർദ്ധനവുണ്ടായി. ഗ്ലോബൽസ്റ്റാർ ഓഹരിയുടമകൾക്ക് ഓരോ ഓഹരിക്കും 90 ഡോളർ വീതമോ അല്ലെങ്കിൽ ആമസോണിന്റെ ഓഹരികളോ തിരഞ്ഞെടുക്കാൻ അവസരമുണ്ടാകും.
മസ്കിന്റെ ആധിപത്യം തകരുമോ?
നിലവിൽ 10,000-ത്തോളം ഉപഗ്രഹങ്ങളുമായി സ്റ്റാർലിങ്ക് വിപണിയിൽ ബഹുദൂരം മുന്നിലാണ്. 90 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് അവർക്കുള്ളത്. എന്നാൽ 2029-ഓടെ 3,200 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനാണ് ആമസോൺ ലക്ഷ്യമിടുന്നത്. ഈ വർഷം അവസാനത്തോടെ ആമസോൺ തങ്ങളുടെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെഗുലേറ്ററി അനുമതികൾ ലഭിക്കുന്നതോടെ അടുത്ത വർഷം പകുതിയോടെ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാകും.
Summary: Amazon has announced an $11.57 billion deal to acquire satellite firm Globalstar to compete with Elon Musk’s Starlink. This acquisition will help Amazon’s Project Kuiper enhance its satellite internet capabilities and deploy Direct-to-Device (D2D) technology by 2028. While Globalstar currently powers Apple’s emergency SOS features, Amazon has assured that this partnership will remain intact. Although Starlink dominates the market with 10,000 satellites, Amazon is rapidly scaling its network to launch commercial services later this year.

