തിരുവനന്തപുരം: ലോക്സഭാ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കൈകോർക്കുന്നു. മണ്ഡല പുനർനിർണ്ണയ നീക്കത്തെ പ്രതിരോധിക്കാൻ ഒന്നിച്ച് നിൽക്കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്ക് കത്തയച്ചു.(Pinarayi Garu, Revanth Reddy’s letter to South Indian Chief Ministers on constituency re-delimitation)
‘പിണറായി ഗാരു’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് രേവന്ത് റെഡ്ഢി കത്തയച്ചിരിക്കുന്നത്. പതിറ്റാണ്ടുകളായുള്ള വടക്ക്-തെക്ക് വേർതിരിവ് ആഴത്തിലാക്കാനുള്ള ശ്രമമാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഇതിനെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഒരേ സ്വരത്തിൽ സംസാരിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.
സംസ്ഥാനങ്ങളുടെ രാഷ്ട്രീയ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റത്തെ ചെറുക്കണമെന്നും ഡൽഹിയിൽ ദക്ഷിണേന്ത്യയുടെ ശബ്ദം സംരക്ഷിക്കണമെന്നും രേവന്ത് റെഡ്ഢി ആഹ്വാനം ചെയ്തു. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് പിണറായി വിജയനും രേവന്ത് റെഡ്ഢിയും തമ്മിലുണ്ടായ രൂക്ഷമായ വാക്പോര് വലിയ വാർത്തയായിരുന്നു. ‘നീ പോ മോനെ വിജയാ’ എന്ന രേവന്തിന്റെ പരാമർശവും അതിന് പിണറായി നൽകിയ മറുപടിയും അന്ന് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിമാറിയിരുന്നു. എന്നാൽ, ദക്ഷിണേന്ത്യ നേരിടുന്ന പൊതുവായ ഭീഷണി മുൻനിർത്തി പഴയ കയ്പുനീർ മാറ്റിവെച്ചാണ് പുതിയ ഐക്യനീക്കം. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവർക്കും രേവന്ത് റെഡ്ഢി കത്തയച്ചിരുന്നു.

