തിരുവനന്തപുരം: മലയാള സിനിമ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി-മോഹൻലാൽ ചിത്രം ‘പേട്രിയറ്റി’ന് തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് (FEOUK) ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി (Patriot Malayalam movie). സിനിമയുടെ നിർമ്മാതാവ് ആന്റോ ജോസഫും വിവിധ സംഘടന പ്രതിനിധികളും ഫിയോക്ക് ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് മാസങ്ങൾ നീണ്ട തർക്കത്തിന് പരിഹാരമായത്.
തീയേറ്ററുകളിൽ നിന്നുള്ള കളക്ഷന്റെ വിഹിതം (ഷെയർ) നിർമ്മാതാവ് കൂട്ടി ചോദിച്ചതായിരുന്നു സംഘടനയെ ചൊടിപ്പിച്ചത്. ഇത് തീയേറ്റർ ഉടമകൾക്ക് നഷ്ടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി ചിത്രവുമായി യാതൊരു വിധ കരാറിലും ഏർപ്പെടരുതെന്ന് ഫിയോക്ക് തീയേറ്ററുകൾക്ക് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ സിനിമയുടെ റിലീസ് പ്രതിസന്ധിയിലാകുമെന്ന സാഹചര്യത്തിൽ നടന്ന ചർച്ചയിൽ വിട്ടുവീഴ്ചകൾക്ക് ഇരുവിഭാഗവും തയ്യാറായതോടെ വിലക്ക് പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു.
വിലക്ക് നീക്കിയ വിവരം ഔദ്യോഗിക സർക്കുലറിലൂടെ ഫിയോക്ക് തീയേറ്റർ ഉടമകളെ അറിയിച്ചു. മെഗാസ്റ്റാറും കംപ്ലീറ്റ് ആക്ടറും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രം തീയേറ്ററുകളിൽ തന്നെ എത്തുമെന്ന് ഉറപ്പായതോടെ വലിയ ആവേശത്തിലാണ് സിനിമാ പ്രേമികൾ.
Story Summary:
The theater owners’ association FEOUK has lifted the ban on the highly anticipated Mammootty-Mohanlal starrer ‘Patriot’ after successful talks with producer Anto Joseph. The dispute regarding the theater collection share was resolved amicably, clearing the way for the film’s grand release.

