Description
Digital Voice of Kerala
Tuesday, April 14, 2026

Digital Voice of Kerala
HomeKerala'ഡോ. റാമിനെ പുറത്താക്കണം, നിതിൻ്റെ വീട്ടിൽ പോകാൻ കഴിയാത്തത് മാനേജ്‌മെൻ്റ് പിന്തുണ...

‘ഡോ. റാമിനെ പുറത്താക്കണം, നിതിൻ്റെ വീട്ടിൽ പോകാൻ കഴിയാത്തത് മാനേജ്‌മെൻ്റ് പിന്തുണ ഇല്ലാത്തത് കൊണ്ടാണ്’: വിദ്യാർത്ഥികൾ | Nitin Raj

🎙️ Latest Podcast

കണ്ണൂർ: ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ കുറ്റക്കാരായ അധ്യാപകർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ വിദ്യാർത്ഥി പ്രതിഷേധം തുടരുന്നു. ആരോപണവിധേയനായ ഡോ. എം.കെ. റാമിനെ പുറത്താക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ.(The reason we can’t visit Nitin Raj’s home is because there is no management support, says Students)

മാനേജ്‌മെന്റ് പ്രതിനിധികളുമായി നടത്തിയ ആദ്യ ചർച്ച ഫലപ്രദമായില്ലെന്ന് വിദ്യാർത്ഥി ഭാരവാഹികൾ മാധ്യമങ്ങളോട് പറഞ്ഞു. തീരുമാനങ്ങൾ എടുക്കാൻ അധികാരമില്ലാത്ത ഒരാളെയാണ് മാനേജ്‌മെന്റ് ചർച്ചയ്ക്ക് അയച്ചത്. സീനിയർ വിദ്യാർത്ഥികൾക്ക് പോലും ഈ കോളേജ് മാനേജ്‌മെന്റ് ആരാണെന്ന് അറിയില്ല. ഉത്തരവാദിത്തപ്പെട്ടവർ നേരിട്ട് വന്ന് ചർച്ച നടത്തണം.

ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയിൽ, റാം സാർ കറുത്ത ആളാണ്, പിന്നെ എങ്ങനെ അയാൾക്ക് കറുത്ത ആളെ അധിക്ഷേപിക്കാൻ പറ്റും എന്ന വിചിത്രമായ ചോദ്യമാണ് ചർച്ചയ്ക്ക് വന്നയാൾ ചോദിച്ചതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. നിതിന്റെ മരണശേഷംകുടുംബത്തെ സന്ദർശിക്കാൻ പോലും മാനേജ്‌മെന്റ് പിന്തുണ നൽകുന്നില്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

നിതിന്റെ വീട്ടുകാരും നാട്ടുകാരും എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല, അതുകൊണ്ട് സ്വന്തം റിസ്കിൽ പോകാനാണ് മാനേജ്‌മെന്റ് പറയുന്നത് എന്നും ഇവർ പറയുന്നു. ഡോ. റാമിനെ കൂടാതെ മറ്റ് ചില അധ്യാപകരും ജാതി അധിക്ഷേപം നടത്താറുണ്ടെന്ന് വിദ്യാർത്ഥികൾ വെളിപ്പെടുത്തി. സമരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളെ നിരീക്ഷിക്കാൻ മാനേജ്‌മെന്റ് ആളുകളെ നിയോഗിച്ചിരിക്കുകയാണ്.

അതേസമയം, അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ വിശദീകരണവുമായി പ്രിൻസിപ്പൽ രംഗത്ത്. നിതിനെ ചേംബറിലേക്ക് വിളിപ്പിച്ചിരുന്നുവെന്നും എന്നാൽ മോശമായി പെരുമാറുകയോ ഫോൺ പിടിച്ചുവെക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അധ്യാപികയായ ലത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിതിനെ ക്യാബിനിലേക്ക് വിളിപ്പിച്ചതെന്ന് പ്രിൻസിപ്പൽ പറഞ്ഞു. ലോൺ ആപ്പിന് നൽകിയ റഫറൻസ് നമ്പറുകളിൽ അധ്യാപികയുടെ പേര് നൽകിയിട്ടില്ലെന്നാണ് നിതിൻ വ്യക്തമാക്കിയത്. കുടുംബാംഗങ്ങളുടെ നമ്പറുകളാണ് നൽകിയത്. നിതിൻ രാജിന്റെ അമ്മയുടെ പേരും ലത എന്നായതിനാലാകാം ഈ ആശയക്കുഴപ്പമുണ്ടായതെന്നാണ് പ്രിൻസിപ്പൽ പറയുന്നത്.

നിതിൻ എടുത്ത വായ്പയുടെ പേരിൽ അധ്യാപികയുടെ ഫോണിലേക്ക് നിരന്തരം ഭീഷണി കോളുകൾ വന്നിരുന്നു. പ്രിൻസിപ്പലിന്റെ ചേംബറിൽ ഇരിക്കുമ്പോൾ പോലും ഇത്തരം കോളുകൾ വന്നതിനും തെളിവുകളുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. നിതിന്റെ ഫോൺ പ്രിൻസിപ്പൽ പിടിച്ചുവെച്ചു എന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. നിതിൻ തന്നെ ഫോൺ അവിടെ വെച്ച് പോയതാണെന്നാണ് ഇദ്ദേഹത്തിന്റെ ന്യായീകരണം.

ആരോപണവിധേയരായ ഡോ. റാം, സംഗീത മാഡം എന്നിവർ ആ സമയത്ത് ചേംബറിൽ ഉണ്ടായിരുന്നില്ല. സ്റ്റാഫ് റൂം പീഡന കേന്ദ്രമാണെന്ന ശബ്ദരേഖയെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ലോൺ ആപ്പ് വിഷയം നിതിന്റെ കുടുംബത്തെ അറിയിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അന്ന് അവരുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്നാണ് പ്രിൻസിപ്പൽ പറയുന്നത്. സംഭവത്തിൽ താൻ നൽകിയ വിശദീകരണങ്ങളും രേഖകളും പോലീസിന് കൈമാറിയിട്ടുണ്ടെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു. നിതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോളേജ് അധികൃതർക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഈ വിശദീകരണം പുറത്തുവരുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.