ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലെത്തി നിൽക്കെ, സാങ്കേതികവിദ്യയുടെ സഹായത്തോടെ വോട്ടർമാരെ അമ്പരപ്പിക്കുകയാണ് വിജയ്‌യുടെ തമിഴക വെട്രി കഴകം. സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും നേരിട്ടെത്തുക അസാധ്യമായതിനാൽ, വിജയ്‌യുടെ സാന്നിധ്യം ഉറപ്പാക്കാൻ അത്യാധുനിക ‘ഹോളോഗ്രാം’ സാങ്കേതികവിദ്യയാണ് പാർട്ടി ഉപയോഗിക്കുന്നത്.(Hologram Vijay, TVK revolutionizes election campaigning )
കുമ്പകോണത്തെ ടിവികെ സ്ഥാനാർത്ഥി വിനോദ് രവിയാണ് ഈ നൂതന പ്രചാരണ രീതി ആദ്യമായി അവതരിപ്പിച്ചത്. പ്രത്യേകം തയ്യാറാക്കിയ പ്രചാരണ വാഹനത്തിൽ സ്ഥാനാർത്ഥിക്കൊപ്പം വിജയ്‌യുടെ ലൈഫ് സൈസ് ത്രിമാന ഹോളോഗ്രാം പ്രത്യക്ഷപ്പെടുന്നത് വോട്ടർമാരിൽ വലിയ ആവേശം ഉണ്ടാക്കുന്നു. വിജയ് നേരിട്ട് മുന്നിൽ നിൽക്കുന്ന പ്രതീതി ജനിപ്പിക്കുന്ന ഈ ഹോളോഗ്രാം രൂപം ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും വോട്ട് ചോദിക്കുകയും ചെയ്യുന്നുണ്ട്.
“നിങ്ങൾ വിസിൽ അടിക്കാൻ തയ്യാറാണോ? നമ്മുടെ വോട്ട് നമ്മുടെ അവകാശമാണ്, അത് ആർക്കും നിസ്സാരമായി കാണാനാകില്ല. നമ്മുടെ വോട്ട് വിസിൽ ചിഹ്നത്തിനുള്ളതാണ്. നമ്മൾ ആരുടെയും വാഗ്ദാനങ്ങളിൽ വീഴില്ല, കൊടുത്ത വാക്ക് പാലിക്കും. ഇതാണ് സത്യം.” എന്ന് ഇതിലൂടെ പറയുന്നുമുണ്ട്. തഞ്ചാവൂർ ജില്ലാ ട്രഷറർ വിജയ് ചന്ദ്രനാണ് ഇത്തരമൊരു ആശയത്തിന് പിന്നിൽ. എല്ലാ മണ്ഡലങ്ങളിലും ‘തലൈവർക്ക്’ എത്താൻ കഴിയില്ലെന്ന തിരിച്ചറിവിൽ നിന്നാണ് ‘ഡിജിറ്റൽ ഒമ്നിപ്രസൻസ്’ എന്ന ലക്ഷ്യം ഉരുത്തിരിഞ്ഞത്. എഐ – ഡാറ്റ സയൻസ് മൂന്നാം വർഷ വിദ്യാർത്ഥിയായ പ്രവീൺ കെ. ആണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഏകദേശം മൂന്ന് ദിവസം കൊണ്ടാണ് വിജയ്‌യുടെ പ്രസംഗത്തിന്റെ 50 സെക്കൻഡ് ദൈർഘ്യമുള്ള എഐ വീഡിയോ ഹോളോഗ്രാമായി മാറ്റിയത്.
ഹോളോഗ്രാമിന് പുറമെ മറ്റു ചില പരീക്ഷണങ്ങളും ടിവികെ പ്രവർത്തകർ നടത്തുന്നുണ്ട്. തിരുവെമ്പൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥി നാവൽപ്പട്ട് വിജി വിജയ്‌യുടെ പ്രതിമ ഉപയോഗിച്ചാണ് വോട്ട് ചോദിക്കുന്നത്. ചെന്നൈയിലെ പാർട്ടി ഓഫീസിൽ ഇത്തരത്തിലുള്ള നൂറുകണക്കിന് പ്രതിമകൾ ഒരുക്കിയിട്ടുള്ളതായും റിപ്പോർട്ടുകളുണ്ട്. വിജയിയോട് സാമ്യമുള്ള വ്യക്തികളെ ഉപയോഗിച്ചുള്ള പ്രചാരണവും സജീവമാണ്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മത്സരിക്കുന്ന കൊളത്തൂർ മണ്ഡലത്തിലെ ടിവികെ സ്ഥാനാർത്ഥി വി.എസ്. ബാബു ഇത്തരത്തിൽ വിജയിയെപ്പോലെ ഇരിക്കുന്ന ഒരാളെ പ്രചാരണത്തിനായി ഉപയോഗിക്കുന്നുണ്ട്. തമിഴകം ആർക്കൊപ്പം നിൽക്കുമെന്ന് ലോകം ഉറ്റുനോക്കുമ്പോൾ, വിജയ്‌യുടെ ഈ ‘ഡിജിറ്റൽ തന്ത്രം’ വോട്ടർമാരെ എത്രത്തോളം സ്വാധീനിക്കുമെന്ന് കണ്ടറിയണം.

