ബീജിംഗ്: ജോലിക്ക് നൽകുന്ന ശമ്പളം കുറഞ്ഞുപോയെന്നാരോപിച്ച് ചൈനയിൽ യുവതി നടത്തിയ വ്യത്യസ്തമായ പ്രതിഷേധം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. മധ്യ ചൈനയിലെ ഷാങ്‌ക്യുവിലാണ് സംഭവം (Chinese Woman Sleep Protest Office). തന്റെ അദ്ധ്വാനത്തിന് അർഹമായ വേതനം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജോലി സമയത്തിനിടെ തുടർച്ചയായി അഞ്ച് മണിക്കൂറാണ് യുവതി ഓഫീസിലിരുന്ന് ഉറങ്ങിയത്.
“എത്രയാണോ ശമ്പളം നൽകുന്നത്, അതിനുള്ള ജോലി മാത്രമേ താൻ ചെയ്യൂ” എന്ന നിലപാടിലാണ് യുവതി ഈ പ്രതിഷേധം നടത്തിയത്. എന്നാൽ ഈ പ്രവർത്തി കണ്ടുപിടിച്ച മേധാവി ഇവരെ കഠിനമായി ശാസിക്കുകയും ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇതിനെത്തുടർന്ന് യുവതി കരഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. തനിക്ക് നീതി ലഭിക്കുന്നില്ലെന്നും ശമ്പളത്തെക്കുറിച്ച് ബോധ്യപ്പെടുത്താനാണ് ഇങ്ങനെ ചെയ്തതെന്നും അവർ വീഡിയോയിൽ പറയുന്നു.
പ്രതിഷേധം അവിടെയും തീർന്നില്ല. ഉറക്കം കഴിഞ്ഞെഴുന്നേറ്റ യുവതി തന്റെ മേധാവിയുടെ മേശപ്പുറത്തിരുന്ന ഒരു ചോക്ലേറ്റ് എടുത്തു കഴിച്ചു. എന്നാൽ ഗ്ലൂക്കോസ് ഇൻടോളറൻസ് എന്ന ശാരീരിക അവസ്ഥയുള്ള മേധാവിക്ക് തന്റെ ഷുഗർ ലെവൽ നിലനിർത്താൻ കരുതിയിരുന്ന ചോക്ലേറ്റ് ആയിരുന്നു അത്. ഇത് കണ്ടെത്താനാവാതെ മേധാവി കുഴഞ്ഞുവീഴുന്ന അവസ്ഥയിലായതോടെ സംഭവം കൂടുതൽ വഷളായി. തന്നെ കൊലപ്പെടുത്താനാണ് യുവതി ശ്രമിച്ചതെന്ന് മേധാവി ആരോപിച്ചു.
ചൈനീസ് സോഷ്യൽ മീഡിയയിൽ ഈ സംഭവത്തിന് വലിയ വിമർശനമാണ് ലഭിക്കുന്നത്. ശമ്പളം കുറവാണെങ്കിൽ ജോലി രാജിവെക്കുകയോ ഉയർന്ന ശമ്പളത്തിനായി സംസാരിക്കുകയോ ചെയ്യാം, എന്നാൽ ജോലി സമയത്ത് ഉറങ്ങുന്നതും മറ്റൊരാളുടെ ഭക്ഷണം അനുവാദമില്ലാതെ എടുക്കുന്നതും പ്രൊഫഷണൽ അല്ലെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം.

